“ആ അഞ്ചോ പത്തോ മിനിട്ടുകൾക്ക് 6 വർഷത്തെ കാത്തിരിപ്പുണ്ട്, ഒറ്റപ്പെടുത്തലിന്റെ വേദനയുണ്ട്”; തന്റെ ആദ്യചിത്രത്തിന്റെ സന്തോഷം പങ്കുവെച്ച് ‘ആക്ടർ ഡോക്ടർ’…

സിനിമ സ്വപ്നം കണ്ട് നടക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. ജീവനും ജീവിതവും സിനിമയ്ക്കായി സമ്മാനിച്ച നിരവധി പ്രതിഭകൾ നമുക്ക് ഉണ്ടായിട്ടുമുണ്ട്. വെള്ളിത്തിരയിൽ ഒരു തവണയെങ്കിലും മുഖം കാണിക്കണമെന്ന് ആഗ്രഹിക്കുന്നവർ, ഒരു സെക്കന്റെങ്കിലും തങ്ങളുടെ അഭിനയം വെള്ളിത്തിരയിൽ തെളിയണമെന്ന് ആഗ്രഹിക്കുന്നവർ നിരവധിയാണ്. എത്തിപ്പെടാൻ ഏറെ കടമ്പകൾ കടക്കണമെന്ന് അറിഞ്ഞിട്ടും അതിനായി നിർത്താതെ പരിശ്രമിക്കുന്നവരെയും നമുക്ക് അറിയാം. ഒരു സ്വപ്നവും എളുപ്പമല്ല. കണ്ണീരിന്റെയും കാത്തിരിപ്പിന്റെയും കഠിനാധ്വാനത്തിന്റെയും ഒരു നൂറ് കഥകൾ പങ്കുവെക്കാനുണ്ട് ആ വിജയകഥകൾക്ക്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് അത്തരത്തിലൊരു സിനിമ മോഹിയുടെ വിഡിയോയാണ്.
ഇൻസ്റ്റാഗ്രാമിലും യൂട്യുബിലും ശ്രദ്ധേയനായ വ്യക്തിയാണ് ആക്ടർ ഡോക്ടർ എന്നറിയപ്പെടുന്ന ഡോക്ടർ ബാഷിദ് ബഷീർ. ഇന്ന് അദ്ദേഹത്തിന്റെ ആദ്യചിത്രമായ തല്ലുമാല പുറത്തിറങ്ങിയിരിക്കുകയാണ്. കല്യാണി പ്രിയദർശനും ടോവിനോ തോമസും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലാണ് ഡോക്ടറിന്റെ അഭിനയമോഹം പൂവണിയുന്നത്. മികച്ച ഒരു ചിത്രത്തിന്റെ ഭാഗമായതിന്റെയും ഒപ്പം വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ചിത്രം വെള്ളിത്തിരയിൽ എത്തുന്നതിന്റെയും സന്തോഷം പങ്കുവെച്ചു കൊണ്ടാണ് ബാഷിദ് ഇൻസ്റ്റാഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്‌തത്.
“ഇത് വെറുമൊരു നന്ദി പ്രകടനം മാത്രമല്ല,സ്വപ്ന സാക്ഷത്കാരത്തിന്റെ പാതയിൽ ഒരു ചെറിയ വാതിൽ തുറന്നു കിട്ടിയവന്റെ ആഹ്ളാദപ്രകടനമാണ്. നിങ്ങളെ ഒന്ന് ബിഗ് സ്ക്രീനിൽ കാണണം, നിങ്ങൾ എന്തായാലും സിനിമയിൽ വരും, ഇങ്ങനെ ഒരുപാട് ഒരുപാട് കമന്റുകൾ വർഷങ്ങളോളം ഞാൻ കാണുന്നുണ്ട്, അവർക്കും എനിക്കും സന്തോഷിക്കാനുള്ള അവസരം തന്നെയാണ് ഇത്. എന്നെ ഈ നിമിഷം വരെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌ത എല്ലാവർക്കും ഈയവസരത്തിൽ നന്ദി പറയുന്നു.” വിഡിയോയ്‌ക്കൊപ്പം ബാഷിദ് കുറിച്ചു.
സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം വർദ്ധിച്ചുവരുകയും കുറ്റകൃത്യങ്ങൾ ഏറെ ചർച്ചയാവുകയും ചെയ്യുന്ന ഈ സമയത്ത് എങ്ങനെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അവസരമാക്കിയെടുക്കാമെന്നും തങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാമെന്നും ഓർമിപ്പിക്കുകയാണ് ഇവരെ പോലുള്ളവർ. സാധ്യതകളുടെ ഒരു ലോകം തന്നെയാണ് സോഷ്യൽ മീഡിയ നമുക്കായി തുറന്നു തരുന്നത്. അത് കൃത്യമായി ഉപയോഗപ്പെടുത്താൻ നമുക്ക് അറിയണം. ചതിക്കുഴികൾ വേർതിരിക്കാൻ പറ്റണം. സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുത്തവരും വിവിധമേഖലകളിൽ വളർന്നവരും നമുക്ക് ചുറ്റുമുണ്ട് എന്ന വസ്തുത അത്ര എളുപ്പത്തിൽ തള്ളിക്കളയാവുന്ന ഒന്നല്ല.
Story Highlights: thallumala actor video goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here