Advertisement

‘മഹാരാജാസിലെ ബാനർ കെ എസ് യു പൈങ്കിളിവത്കരിച്ചു’; എസ് എഫ് ഐക്ക് മുകളിൽ ഒന്നും പറയാനില്ലെന്ന് അവർ സമ്മതിച്ചു: പിഎം ആർഷോ

August 13, 2022
5 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എസ് എഫ് ഐക്ക് മുകളിൽ ഒന്നും പറയാനില്ലെന്ന് മഹാരാജാസിലെ കെ.എസ്.യു തന്നെ സമ്മതിച്ചുവെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. എസ്എഫ്ഐയെ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹൈബി ഈഡൻ എംപിക്കുളള രാഷ്ട്രീയ മറുപടിയാണ് മഹാരാജാസ് കോളേജിൽ ഉയർന്ന ബാനർ.കെ എസ് യു അതിനെ നേരിട്ടത് ഇന്ദിരയേയും ഈഡനേയും ജനഹൃദയങ്ങളിൽ കുടിയിരുത്തിക്കൊണ്ട് പൈങ്കിളി വത്കരിച്ചാണ്. (pm arsho says sfi banner in maharajas is political answer to ksu)

ജനഹൃദയങ്ങളിലുള്ളത് ഇന്ദിരയുടെ അടിയന്തരാവസ്ഥകാലത്തെ ഫാഷിസമാണെന്നും ആർഷോ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു. ‘വർഗീയതയും കമ്മ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത് ഇന്ത്യ ഈസ് ഇന്ദിര, ഇന്ദിര ഈസ് ഇന്ത്യ’ എന്നാണ് കെ എസ് യു സ്ഥാപിച്ച പുതിയ ബാനറിൽ പറയുന്നത്.പഴയ ഇന്ദിരാ കോൺഗ്രസുകാർ അടിയന്തരാവസ്ഥ കാലത്ത് വിളിച്ച അതെ കുപ്രസിദ്ധമായ മുദ്രാവാക്യമാണ് കെ എസ് യുവിന്റെ പുതിയ ബാനറിലുളളതെന്നും ആർഷോ വിമർശിച്ചു.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

മഹാരാജാസിലെ കെ.എസ്.യു തന്നെ സമ്മതിച്ചു തന്ന സ്ഥിതിക്ക് SFI – ക്ക് ഇതിനു മുകളിൽ ഒന്നും പറയാനില്ല.
1970-ൽ രൂപം കൊണ്ട ഇന്ത്യൻ വിദ്യാർത്ഥികളുടെ വിപ്ലവ പ്രസ്ഥാനമായ SFI അടിയന്തരാവസ്ഥയുടെ ക്രൂരമായ അടിച്ചമർത്തലുകൾ കണ്ട നാളുകളിലൂടെയാണ് ഇന്ത്യൻ ക്യാമ്പസുകളിലും ഇന്ത്യൻ തെരുവുകളിലും ജീവോർജ്ജമാർജിച്ചത്. തുടർന്ന് കേരളത്തിലെ ക്യാമ്പസുകൾ കഠാരയുടെ രാഷ്ട്രീയം കൊണ്ട് അടക്കി ഭരിച്ച കെ.എസ്.യു ക്രിമിനലുകളുടെ ഗൂണ്ടാ പടക്ക് മുന്നിൽ മുഷ്ടി ചുരുട്ടിയാണ് ഇന്ന് കേരളത്തിലെ മുഴുവൻ കലാലയങ്ങളിലും SFI- യുടെ നക്ഷത്രാങ്കിത ശുഭ്രാ പതാക ഉയർന്നു പാറി കേരളത്തിലെ ഭൂരിപക്ഷം വിദ്യാർത്ഥികളുടെ പിന്തുണയുള്ള സമര സംഘടനയായി മാറിയത്. ആ വഴിത്താരയിൽ കെ.എസ്. യുവിന്റെ കഠാരയുടെ രാഷ്ട്രീയത്തിന് മുന്നിൽ പിടഞ്ഞു വീണത് അനേകം SFI രക്തസാക്ഷികളുടെ ജീവനാണ്.
തെരഞ്ഞെടുപ്പിൽ കൃതിമം കാണിച്ചത് കോടതി കണ്ടെത്തുകയും തെരഞ്ഞെടുപ്പ് റദ്ധാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു രാജ്യത്തെ പൂട്ടിയിടുന്നത്. ഏകാധിപത്യ ഫാഷിസത്തിന്റെ ഇരുണ്ട ദിനങ്ങളിൽ അമ്മയും മകനും കൂടി കാട്ടി കൂട്ടിയ ക്രൂര വിനോദങ്ങൾ ഇന്ത്യ ഇനിയും മറക്കാറായിട്ടില്ല. പ്രതിപക്ഷ ശബ്ദത്തെ ഒന്നടങ്കം തടവിലിട്ടും, തെരുവിലിട്ടും കൊന്ന് കൂട്ടിയ ആ ഇന്ദിരാ ഭരണത്തോട് ക്യാമ്പസിലും തെരുവിലും നേരിട്ട് പൊരുതി ജനാധിപത്യ ശബ്ദമുയർത്തി കൊണ്ടാണ് SFI വളർന്ന് വന്നത്. അന്ന് പോലും SFI – യെ നിരോധിക്കാൻ ഇന്ദിരക്ക് കഴിഞ്ഞിട്ടില്ല.
സോണിയാ – രാഹുൽ ഗാന്ധിമാരെ കള്ളപ്പണ കേസിൽ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ സമരം ചെയ്ത ഹൈബി ഈഡൻ തനിക്ക് ലഭിച്ച ഇടവേളയിൽ പാർലിമെന്റിലെത്തിയപ്പോൾ ആവശ്യപ്പെട്ട സുപ്രധാനമായ കാര്യമായിരുന്നു SFI – യെ നിരോധിക്കുക എന്നത്. കോൺഗ്രസ്സ് നേതാക്കൾ എഴുതി കൊടുക്കുന്നത് പാർലിമെന്റിൽ ഏറ്റു പറയുന്ന കേന്ദ്ര മന്ത്രിമാരുമായുള്ള ബന്ധത്തിന്റെ ഓർമ്മയുടെ പുറത്ത് ഹൈബി ഈഡന് പാർലിമെന്റിൽ തോന്നിയ വഷളത്തരത്തോടുള്ള രാഷ്ട്രീയ മറുപടിയാണ് മഹാരാജാസിലെ SFI സഖാക്കൾ ഉയർത്തിയ ‘ഇന്ദിരക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന് ‘ എന്ന ബാനർ. എന്നാൽ മഹാരാജാസിലെ KSU അതിനെ നേരിട്ടത് ഇന്ദിരയേയും ഈഡനേയും ജനഹൃദയങ്ങളിൽ കുടിയിരുത്തിക്കൊണ്ട് പൈങ്കിളി വൽക്കരിച്ചാണ്. ജനഹൃദയങ്ങളിലുള്ളത് ഇന്ദിരയുടെ അടിയന്തരാവസ്ഥകാലത്തെ ഫാഷിസം ആണെന്ന് വീണ്ടുമോർമ്മിപ്പിച്ച SFI- യ്ക്ക് കെ.എസ്.യു നൽകിയ മറുപടി വളരെ രസകരമാണ്. ‘ഇന്ത്യ എന്നാൽ ഇന്ദിര ആണെന്നും ഇന്ദിരാ എന്നാൽ ഇന്ത്യ ആണെന്നും ‘ പഴയ ഇന്ദിരാ കോൺഗ്രസുകാർ അടിയന്തരാവസ്ഥ കാലത്ത് വിളിച്ച അതെ കുപ്രസിദ്ധമായ മുദ്രാവാക്യമാണ് കെ.എസ്. യുവിന് മറുപടിയായി പറയാനുള്ളത്.
മോദി സർക്കാരിന്റെ ഏകാധിപത്യ കാലത്ത് ഇന്ത്യ മോദിയുടേതല്ല, ഈ രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടെതാണെന്ന് പറഞ്ഞു ഏകാധിപത്യത്തിനെതിരെ സമരം ചെയ്യുന്നത് ഈ നാട്ടിലെ വിദ്യാർത്ഥികൾ അടക്കമുള്ള ജനാധിപത്യ സമൂഹമാണ്. അവരുടെ മുന്നിലേക്കാണ് ഏകാധിപത്യത്തിന്റെ ക്രൂര ദിനങ്ങൾ അഭിമാനത്തോടെ വീണ്ടും പറഞ്ഞു ഇന്ത്യ ഏതെങ്കിലും ഏകാധിപതിയുടെതായിരുന്നു എന്ന് കെ.എസ്.യു വിളിച്ച് പറയുന്നത്. എത്രമാത്രം ശുഷ്കവും അടിമവൽക്കരിച്ചതുമാണ് മഹാരാജാസിലെ കെ.എസ്.യുവിന്റെ ജനാധിപത്യ ബോധമെന്ന് അവർ തന്നെ ബാനർ കെട്ടി കാണിച്ചു തന്നു. SFI എന്താണോ പറയാൻ ശ്രമിച്ചത് അതിന് കെ.എസ്.യു തന്നെ അടിവരയിട്ട് തന്നു.
അടിയന്തയരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ ഇന്ദിരാ എന്നാൽ ഇന്ത്യ എന്ന മുദ്രാവാക്യത്തിനെതിരെ ഇന്ദിരാ കോൺഗ്രസിനെതിരെ നിലകൊണ്ടവരിൽ പ്രമുഖനാണ് ഇന്നത്തെ കെ.പി.സി. സി അധ്യക്ഷൻ. ഇന്ത്യ എന്നാൽ ഇന്ദിരാ എന്നായിരുന്നോ എന്ന് മഹാരാജാസിലെ കെ.എസ്.യുക്കാർ സമയം ലഭിക്കുമ്പോൾ അദ്ദേഹത്തോട് ചോദിച്ചു നോക്കണം.
SFI പറയാൻ ശ്രമിച്ച രാഷ്ട്രീയത്തെ ഒടുവിൽ അംഗീകരിച്ച മഹാരാജാസിലെ കെ.എസ്.യു ബാനറിന് മുകളിൽ ഇനിയൊരു ബാനർ കൊണ്ട് ഒന്നും സംവദിക്കേണ്ട ആവശ്യം SFI- ക്ക് ഇല്ല.

Story Highlights: pm arsho says sfi banner in maharajas is political answer to ksu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement