‘എഴുത്തുകാരനെന്ന നിലയിലല്ല, വായനക്കാരനെന്ന നിലയിലാണ് എംടി അത് പറഞ്ഞത്’; പ്രതികരിച്ച് ബെന്യാമിൻ

പുതിയ മലയാളം പുസ്തകങ്ങൾ വായിക്കാറില്ലെന്ന എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ പരാമർശങ്ങൾക്കെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് നോവലിസ്റ്റ് ബെന്യാമിൻ. ഒരു എഴുത്തുകാരൻ എന്ന നിലയിൽ അല്ല, വായനക്കാരൻ എന്ന നിലയിൽ ആണ് അദ്ദേഹം ആ അഭിപ്രായം പറഞ്ഞത്. എം ടി ക്ക് പുതിയ എഴുത്തിൽ വലിയ മഹത്വം ഒന്നും കാണാൻ കഴിയാത്തത് അദ്ദേഹം അതുക്കും മേലെ ഉള്ളത് വായിച്ചു എന്നതുകൊണ്ടാണ് എന്നും ബെന്യാമിൻ തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കുറിച്ചു. (benyamin supports mt vasudevan)
Read Also: വെന്റിലേറ്ററിൽ നിന്ന് മാറ്റി; സൽമാൻ റുഷ്ദിയുടെ ആരോഗ്യനിലയിൽ പുരോഗതി
ബെന്യാമിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
എം.ടി.യുടെ അഭിമുഖമാണല്ലോ പുതിയ സാഹിത്യചർച്ച.
വായനയിലെ ആസ്വാദനത്തെ സംബന്ധിച്ച് എം. കൃഷ്ണൻ നായർ ഒരു ഉദാഹരണം പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ വീട്ടിലെ പൂപാത്രത്തിൽ ഇരിക്കുന്ന പൂവ് കണ്ടിട്ട് ഒരാൾ തനിക്ക് അത് അത്ര ഇഷ്ടം ആയില്ല എന്നുപറഞ്ഞാൽ അയാൾ അതിനേക്കാൾ മനോഹരങ്ങളായ പൂക്കൾ കണ്ടിട്ടുണ്ട് എന്ന് അർത്ഥം എന്ന്. അതുപോലെ തന്നെയാണ് വായനയും.
ഓരോ വായനക്കാരനും തന്റെ അന്നോളമുള്ള വായനാനുഭവത്തിൽ നിന്നുകൊണ്ടാണ് പുതിയ ഒരു രചനയെ വിലയിരുത്തുന്നത്. അതിനു ഭാഷാ ഭേദമൊന്നുമില്ല. വായനാഭിരുചി ദീർഘാകാലം കൊണ്ട് പരുവപ്പെട്ടു വരുന്ന ഒന്നാണ്. ഒരു വായനക്കാരനും ഒരു എഴുത്തുകാരന് സൗജന്യം ഒന്നും നൽകാറില്ല. അത് പ്രതീക്ഷിക്കുകയും അരുത്. അവരെ തൃപ്തിപ്പെടുത്തുക എന്നത് എഴുത്തുകാരന്റെ മാത്രം ഉത്തരവാദിത്തമാണ്. അത് മലയാളി, ഇംഗ്ലീഷ്, പുതിയത്, പഴയത്, സ്പാനിഷ്, ഫ്രഞ്ച് എന്നിങ്ങനെ വ്യത്യാസം ഒന്നുമില്ല. വായനക്കാരന് മുന്നിൽ പുസ്തകം മാത്രമേയുള്ളു. അങ്ങനെ ഒരു വായനക്കാരൻ താൻ അതുവരെ വായിച്ചതിന്റെ മുകളിൽ ഒന്ന് പ്രതീക്ഷിക്കുക തന്നെ ചെയ്യും. ഇനി അതുക്കും മേലെ, അതുക്കും മേലെ എന്നൊരു പ്രതീക്ഷ അയാൾ ഓരോ കൃതിയോടും വച്ചുപുലർത്തും. നിരന്തര വായന ഉണ്ടാക്കുന്ന ഒരു വലിയ പ്രതിസന്ധിയാണത്. അതിനെ മറികടക്കാൻ കെൽപ്പ് ഇല്ലാത്ത രചനകൾ ആരെയും തൃപ്തിപ്പെടുത്തില്ല.
ഈ ഒരു കാര്യം മനസിലാക്കിയാൽ എം. ടി. പറഞ്ഞതിന്റെ അർത്ഥം നമ്മുക്ക് വേഗം പിടി കിട്ടും. മലയാളത്തിലെ ഏതാണ്ട് എല്ലാ വായനക്കാർക്കും പലവിധത്തിൽ ലോകസാഹിത്യത്തോട് നല്ല ബന്ധം ഉണ്ട്. അത്തരത്തിൽ വായന ശീലിച്ച ഒരു സാമൂഹത്തിലേക്കാണ് നമ്മൾ നമ്മുടെ പുസ്തകവുമായി കടന്നു ചെല്ലുന്നത് എന്നൊരു ബോധം എഴുത്തുകാർക്ക് ഉണ്ടാവേണ്ടതുണ്ട്. അല്ലാതെ എന്നെ മനസിലാക്കാൻ കഴിയാത്ത വിധം അയാൾ പഴഞ്ചൻ ആയിപ്പോയി എന്ന അഹങ്കാരം അല്ല. എം ടി ക്ക് പുതിയ എഴുത്തിൽ വലിയ മഹത്വം ഒന്നും കാണാൻ കഴിയാത്തത് അദ്ദേഹം അതുക്കും മേലെ ഉള്ളത് വായിച്ചു എന്നതുകൊണ്ടാണ്. ഒരു എഴുത്തുകാരൻ എന്ന നിലയിൽ അല്ല, വായനക്കാരൻ എന്ന നിലയിൽ ആണ് അദ്ദേഹം ആ അഭിപ്രായം പറഞ്ഞത്. അതിനുള്ള സ്വാതന്ത്ര്യം എങ്കിലും അഹങ്കാരം കൊണ്ട് കണ്ണുകണാതായിപ്പോയ യുവ എഴുത്തുകാർ ആ മനുഷ്യന് കൊടുക്കണം.
നൊബേൽ സമ്മാന ജേതാവ് റൊമയ്ൻ റോളണ്ട് പറഞ്ഞത് : ‘യുവാക്കളെ ഇന്നിന്റെ യുവാക്കളെ, നിങ്ങൾ ഞങ്ങളുടെ മുകളിലൂടെ നടക്കു, ഞങ്ങളെക്കാൾ മഹത്തുക്കൾ ആണെന്ന് തെളിയിക്കു ‘ എന്നാണ്. അതിനു പുലഭ്യം പറച്ചിൽ കൊണ്ട് സാധ്യമാവുകയില്ല. മികച്ച രചനകൾ ലോകത്തിനു സമ്മാനിക്കാൻ ശ്രമിക്കൂ.
Story Highlights: benyamin supports mt vasudevan nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here