ദക്ഷിണാഫ്രിക്കൻ ലീഗിൽ ധോണി ഉപദേശകൻ; അനുവദിക്കില്ലെന്ന് ബിസിസിഐ

ദക്ഷിണാഫ്രിക്കൻ ടി-20 ലീഗിൽ എംഎസ് ധോണിയെ ഉപദേശക റോളിൽ പോലും അനുവദിക്കാനാവില്ലെന്ന് ബിസിസിഐ. തങ്ങളുടെ ടീമായ ജോഹന്നാസ്ബർഗ് സൂപ്പർ കിംഗ്സിൻ്റെ ഉപദേശകനായി എംഎസ് ധോണിയെ ചെന്നൈ സൂപ്പർ കിംഗ്സ് ഉടമകൾ പരിഗണിച്ചിരുന്നു. എന്നാൽ, ഇതിന് അനുമതി നൽകാനാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരിക്കുകയാണ്. (ms dhoni csa t20)
വിരമിച്ച താരങ്ങൾക്ക് മാത്രമാണ് വിദേശ ലീഗുകളിൽ കളിക്കാൻ ബിസിസിഐ അനുമതി നൽകുന്നത്. രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും ധോണി ഐപിഎലിൽ ഇപ്പോഴും കളിക്കുന്നുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സ് നായകനാണ് ധോണി. അതുകൊണ്ട് തന്നെ ധോണിക്ക് വിദേശ ലീഗുകളുടെ ഭാഗമാവാൻ കഴിയില്ലെന്ന് ബിസിസിഐ നിലപാടെടുക്കുന്നു.
ഫാഫ് ഡുപ്ലെസി, മൊയീൻ അലി എന്നിവരെയാണ് നിലവിൽ ജോഹന്നാസ്ബർഗ് സൂപ്പർ കിംഗ്സ് ടീമിലെത്തിച്ചിരിക്കുന്നത്. മുൻപ് ചെന്നൈ സൂപ്പർ കിംഗ്സിൽ കളിച്ചിട്ടുള്ള താരമാണ് ഫാഫ്. മൊയീൻ നിലവിൽ ചെന്നൈ ടീമിലുണ്ട്.
മുംബൈ ഇന്ത്യൻസിൻ്റെ കേപ്‌ടൗൺ ഫ്രാഞ്ചൈസി വമ്പൻ താരങ്ങളെയാണ് ടീമിലെത്തിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ സിഎസ്എ ടി-20 ലീഗിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരിക്കുന്ന ഫ്രാഞ്ചൈസിയാണ് എംഐ കേപ്‌ടൗൺ. റാഷിദ് ഖാൻ, കഗീസോ റബാഡ, സാം കറൻ, ലിയാം ലിവിങ്സ്റ്റൺ, ഡെവാൾഡ് ബ്രെവിസ് എന്നീ താരങ്ങൾ കേപ്‌ടൗണിനായി കളിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read Also: കോലിയെപ്പോലൊരു അവസ്ഥ ഒരിക്കലും ബാബർ അസമിനു വരില്ലെന്ന് മുൻ പാക് താരം
ലേലത്തിനു മുൻപ് ഓരോ ടീമിനും അഞ്ച് താരങ്ങളെ വീതം ടീമിലെത്തിക്കാൻ അനുവാദമുണ്ട്. ഇതിൽ മൂന്ന് വിദേശതാരങ്ങളും ഒരു ദക്ഷിണാഫ്രിക്കൻ താരവും ഒരു ദക്ഷിണാഫ്രിക്കൻ അൺ കാപ്പ്ഡ് താരവും ഉൾപ്പെട്ടിരിക്കണം. റാഷിദ്, കറൻ, ലിവിങ്സ്റ്റൺ എന്നിവർ വിദേശതാരങ്ങളാണ്. കഗീസോ റബാഡയാണ് ദക്ഷിണാഫ്രിക്കൻ താരം. മുംബൈ ഇന്ത്യൻസിൻ്റെ തന്നെ താരമായ ഡെവാൾഡ് ബ്രെവിസ് അൺകാപ്പ്ഡ് താരമാവും.
ആകെ 11 ഇംഗ്ലീഷ് താരങ്ങൾ ലീഗിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലീഗിലെ ഏറ്റവുമധികം താരങ്ങൾ ഇംഗ്ലണ്ടിൽ നിന്നാണ്. 10 താരങ്ങളുള്ള ശ്രീലങ്ക രണ്ടാമതാണ്. പാകിസ്താൻ താരങ്ങൾ ലീഗിൽ കളിക്കില്ല. ലീഗിൽ ഇന്ത്യൻ താരങ്ങൾ കളിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുയർന്നെങ്കിലും അതേപ്പറ്റി വ്യക്തതയില്ല. വരുന്ന ആഴ്ചയിൽ തന്നെ ലേലം നടക്കും.
Story Highlights: ms dhoni csa t20 league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here