പാലക്കാട്ടെ ഷാജഹാന്‍ വധക്കേസ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

പാലക്കാട്ടെ സിപിഐഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ വധക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 19 അംഗ സംഘത്തെയാണ് നിയോഗിച്ചത്. ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് ആണ് പുതിയ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്.(special investigation team for shajahan murder case)
പാലക്കാട് മരുതറോഡ് സിപിഐഎം ലോക്കല്‍കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ഷാജഹാന്‍. ഷാജഹാന്റെത് രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് എഫ്‌ഐആര്‍. എട്ട് ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയത്. അക്രമികള്‍ കഴുത്തിലും കാലിലും മാരകമായി പരുക്കേല്‍പ്പിച്ചു എന്നും എഫ്‌ഐആറില്‍ പറയുന്നു. എഫ്‌ഐആര്‍ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. അതേസമയം അമിതമായി രക്തം വാര്‍ന്നതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സിപിഐഎമ്മിന്റെ ആരോപണങ്ങള്‍ മുഖം രക്ഷിക്കാനെന്നാണ് ബിജെപി വാദം. പ്രതികള്‍ സിപിഐഎമ്മിന്റെ തന്നെ സജീവ പ്രവര്‍ത്തകരാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളില്‍ നിന്ന് പ്രതികളുടെ രാഷ്ട്രീയം വ്യക്തമാകുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
Read Also: ഷാജഹാനെ വെട്ടിയത് സിപിഐഎംകാര്‍ തന്നെയെന്ന് ദൃക്‌സാക്ഷി; പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണം
ബിജെപി പ്രവര്‍ത്തകരായ ശബരീഷ്, അനീഷ്, നവീന്‍, ശിവരാജന്‍, സിദ്ധാര്‍ത്ഥന്‍, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരുടെ പേരുകളാണ് എഫ്‌ഐആറില്‍ ഉള്ളത്. കൊലപ്പെടുത്തിയത് മുന്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെയെന്ന് ദൃക്‌സാക്ഷി പറഞ്ഞിരുന്നു. പ്രദേശവാസിയായ അനീഷും ശബരീഷും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ഷാജഹാന്റ സുഹൃത്തുകൂടിയായ ദൃക്‌സാക്ഷി വെളിപ്പെടുത്തി.
Story Highlights: special investigation team for shajahan murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here