‘ഷാജഹാനെ കൊന്നത് സിപിഐഎമ്മുകാര്‍’; പൂര്‍ണ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനെന്ന് വി കെ ശ്രീകണ്ഠന്‍

പാലക്കാട്ടെ സിപിഐഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐഎംകാര്‍ തന്നെയെന്ന് വി കെ ശ്രീകണ്ഠന്‍ എംപി. പ്രതികളുടെ പ്രൊഫൈല്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്ന് വി കെ ശ്രീകണ്ഠന്‍ എംപി ട്വന്റിഫോറിനോട് പറഞ്ഞു. പ്രതികള്‍ മറ്റ് പാര്‍ട്ടിയിലേക്ക് പോകാന്‍ ശ്രമം നടത്തുക മാത്രമാണുണ്ടായതെന്ന് വി കെ ശ്രീകണ്ഠന്‍ പറയുന്നു. (cpim activists murdered shajahan says v k sreekandan mp)
പാര്‍ട്ടിക്ക് അകത്തുണ്ടായ ആഭ്യന്തര കലഹമാണ് ഷാജഹാന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. എന്തൊക്കെ പറഞ്ഞാലും കൊലപാതകത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലക്കാട് സിപിഐഎമ്മില്‍ സംഘര്‍ഷം രൂക്ഷമാണെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. കഴിഞ്ഞ ലോക്കല്‍ സമ്മേളനത്തിലും ഏരിയ സമ്മേളനത്തിലും ഉള്‍പ്പെടെ ചേരി തിരിഞ്ഞ് പരസ്യമായ കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. പാലക്കാട്ട് ക്രിമിനല്‍ സംഘത്തെ വളര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് സിപിഐഎം ആണെന്നും ഇതിനെ നിയന്ത്രിക്കാത്ത ആഭ്യന്തര വകുപ്പിനാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഷാജഹാന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളും സഹായിച്ച മറ്റൊരാളുമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. പിടിയിലായവരെ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കേസില്‍ ആകെ എട്ട് പ്രതികളാണ് ഉള്ളത്. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
പാലക്കാട്ടെ സിപിഐഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ വധക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 19 അംഗ സംഘത്തെയാണ് നിയോഗിച്ചത്. ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് ആണ് പുതിയ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്.
പാലക്കാട് മരുതറോഡ് സിപിഐഎം ലോക്കല്‍കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ഷാജഹാന്‍. ഷാജഹാന്റെത് രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് എഫ്‌ഐആര്‍. എട്ട് ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയത്. അക്രമികള്‍ കഴുത്തിലും കാലിലും മാരകമായി പരുക്കേല്‍പ്പിച്ചു എന്നും എഫ്‌ഐആറില്‍ പറയുന്നു. എഫ്‌ഐആര്‍ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. അതേസമയം അമിതമായി രക്തം വാര്‍ന്നതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
Story Highlights: cpim activists murdered shajahan says v k sreekandan mp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here