ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം വയോധികയുടെ മൂന്നരപ്പവന്റെ സ്വർണമാല കവർന്നു

ബൈക്കിലെത്തിയ രണ്ടുപേർ വയോധികയുടെ കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു. മൂന്ന് പവന്റെ സ്വർണമാല പൊട്ടിക്കുന്നതിനിടയിൽ വൃദ്ധയുടെ ബ്ലൗസ് വലിച്ചുകീറുകയും ഇവരെ താഴേക്ക് തള്ളിയിടുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറയ്ക്ക് അടുത്തുള്ള പന്തലക്കോട് ശനിയാഴ്ച രാവിലെ 7.45നായിരുന്നു സംഭവം. വട്ടപ്പാറ പന്തലക്കോട് പി.എസ് സദനത്തിൽ ശ്യാമളയെയാണ് (75) ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം മൃഗീയമായി ആക്രമിച്ചത്. വട്ടപ്പാറ പൊലീസ് കേസെടുത്തു.
ബൈക്കിലെത്തിയ സംഘം വീട്ടിൽ ഉറങ്ങിക്കിടന്ന വയോധികയെ വിളിച്ചുണർത്തുകയായിരുന്നു. കതക് തുറന്ന് പുറത്തേക്ക് വന്ന വൃദ്ധയോട് കുളവാഴ വിൽക്കാനുണ്ടോ എന്ന് അന്വേഷിക്കുന്നതിനിടയിലാണ് കഴുത്തിൽ കിടന്ന മാല പൊട്ടിച്ചത്. ഇവരുടെ നിലവിളികേട്ട് പ്രദേശവാസികൾ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാക്കൾ ബൈക്കിൽ കയറി രക്ഷപ്പെട്ടിരുന്നു.
Read Also: ആന ദിനത്തില്‍ കര്‍ഷകനെ കാട്ടാന ആക്രമിച്ചു കൊന്നു
ബൈക്കിന് പുറകിലിരുന്ന തൊപ്പി ധരിച്ച ആളാണ് മാല പൊട്ടിച്ചതെന്ന് വയോധിക പറയുന്നു. ഹെൽമെറ്റ് ധരിച്ചിരുന്ന രണ്ടാമൻ വീട്ടിലെ ഗേറ്റിൽ നിന്ന് അല്പം മാറി ബൈക്ക് സ്റ്റാർട്ടാക്കി നിറുത്തിയിരുന്നു. കൃത്യം നടത്തിയ ശേഷം മോഷ്ടാക്കൾ പന്തലക്കോട് ഭാഗത്തേയ്ക്കാണ് രക്ഷപ്പെട്ടത്. വീട്ടിൽ വയോധിക മാത്രമേ ഉണ്ടായിരുന്നുള്ളു.
വയോധികയ്ക്ക് വാഴക്കൃഷി ഉണ്ടായിരുന്നതിനാൽ കുല വാങ്ങാൻ എത്തിയവരാണെന്ന് കരുതിയാണ് കതകിൽ മുട്ടിയപ്പോൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയത്. മൂന്ന് പവൻ സ്വർണമാലയിൽ ഇട്ടിരുന്ന ഏലസ് മാത്രമാണ് തിരികെ കിട്ടിയത്.
Story Highlights:Two people on a bike robbed the old woman’s gold necklace
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here