Advertisement

പങ്ങാരപ്പിള്ളിയിലെ മരംകൊള്ള; കൂടുതൽ വെളിപ്പെടുത്തലുമായി പട്ടയ ഉടമ

August 18, 2022
Google News 1 minute Read

എളനാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന പങ്ങാരപ്പിള്ളിയിൽ പട്ടയ ഭൂമിയില്‍ നിന്ന് കോടികൾ വിലമതിക്കുന്ന മരങ്ങൾ കടത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. മരം മുറിയ്ക്ക് മുമ്പ് റേഞ്ച് ഓഫീസറും, ഡെപ്യൂട്ടി റേഞ്ച് ഓഫീസറും സ്ഥലം സന്ദര്‍ശിച്ചതായി പട്ടയ ഉടമ ട്വന്റിഫോറിനോട്. ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് മരങ്ങള്‍ മുറിച്ച് നീക്കിയതെന്നും ബദറുദ്ദീൻ.

മരംമുറി അറിഞ്ഞിട്ടും റിപ്പോര്‍ട്ട് ചെയ്തില്ലെന്ന കാരണത്താൽ, വനിതാ ഓഫീസർ അടക്കം മൂന്ന് ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡി.എഫ്.ഒ നടപടി സ്വീകരിച്ചു. എന്നാല്‍ മരം മുറിക്കുന്ന വിവരം മുന്‍കൂട്ടിയറിയുകയും അനുവാദം നല്‍കുകയും ചെയ്തവര്‍ക്കെതിരെ അന്വേഷണം നടത്താനോ നടപടി എടുക്കാനോ ഡിഎഫ്ഒ തയാറായിട്ടില്ലെന്നും പട്ടയ ഉടമ ട്വന്റിഫോറിനോട് പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ 28ന് ബീറ്റ് ഓഫീസർമാരായ ലിജോയും, പ്രദീപും മരം മുറി നടന്ന സ്ഥലത്ത് എത്തിയിരുന്നതായും, ഇക്കാര്യത്തിൽ മഹസർ തയ്യാറാക്കുകയോ ജനറൽ ഡയറിയിൽ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും വിഷയം മൂടിവച്ചുവെന്നും കാണിച്ച് റേഞ്ച് ഓഫീസർ റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി എന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. എന്നാൽ മരംമുറിയ്ക്ക് മുമ്പ് സ്ഥലത്തെത്തുകയും അനുവാദം നൽകുകയും ചെയ്തത് ഇതേ റേഞ്ച് ഓഫീസറും ഡെപ്യൂട്ടി റേഞ്ച് ഓഫീസറുമാണെന്ന് ആരോപിക്കുകയാണ് കേസിലെ പ്രതിയായ ബദറുദ്ദീന്‍.

ഈ സംഭാഷണത്തിന്‍റെ തുടര്‍ച്ചയായാണ് ഉദ്യോഗസ്ഥര്‍ മരംമുറിക്ക് പണം വാങ്ങിയെന്ന ബദറുദ്ദീന്‍റെ വെളിപ്പെടുത്തല്‍. ഇത് 24 നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ആ വെളിപ്പെടുത്തലിലേക്ക് ഡിഎഫ്ഒ സി.വി രാജന്‍റെ അന്വേഷണം നീണ്ടില്ല. മരം മുറിക്ക് മുമ്പ് സ്ഥലത്ത് പരിശോധന നടത്തി മൗനാനുവാദം നല്‍കിയ റേഞ്ച് ഓഫീസര്‍ക്കും ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കുമെതിരെ നടപടിയെടുക്കാതെ ഈട്ടി, തേക്ക് മരങ്ങള്‍ മഹസറില്‍ നിന്ന് ഒഴിവാക്കി തയാറാക്കിയ റിപ്പോര്‍ട്ടിനെ എതിര്‍ത്ത ഒരു വനിത ഓഫീസറടക്കം 3 പേര്‍ക്കെതിരെ മാത്രം നടപടിയെടുത്തത്, ആരെ സംരക്ഷിക്കാനെന്നതിനുത്തരം വനംവകുപ്പ് തന്നെയാണ് പറയേണ്ടത്.

Story Highlights: logging in pangarapilli pataya owners new revelation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here