കുട്ടികളെ യാത്രകള്‍ക്ക് കൊണ്ടുപോയി ലൈംഗികചൂഷണം; പ്രിന്‍സിപ്പലും പ്രൊഫസറും കോളജ് പ്രസിഡന്റും പിടിയില്‍

പത്തോളം വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത കോളജ് പ്രിന്‍സിപ്പലും കോളജ് പ്രസിഡന്റും പ്രൊഫസറും അറസ്റ്റില്‍. കര്‍ണാടകയിലെ ധര്‍വാദിലാണ് സംഭവം. വിദ്യാര്‍ത്ഥികളുടെ പരാതിയെത്തുടര്‍ന്ന് ഒളിവില്‍ പോയ മൂവരേയും കര്‍ണാടക പൊലീസ് ഇന്നാണ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. നാല് വര്‍ഷത്തോളമായി മൂന്നുപേരും വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവരികയായിരുന്നെന്ന് പൊലീസ് പറയുന്നു. മൂന്നുപേര്‍ക്കുമെതിരെ പോക്‌സോ ചുമത്തി. (Principal, college president, and professor sexually exploit students in karnataka)
മൂവരും കുട്ടികളേയും കൊണ്ട് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകാറുണ്ട്. ഇത്തരം യാത്രകള്‍ക്കിടെയാണ് പല വിദ്യാര്‍ത്ഥികള്‍ക്കും ദുരനുഭവമുണ്ടായത്. അസുഖം ബാധിച്ച കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയും മൂവരും പീഡനം നടത്തിയതായി ചിലര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പല കുട്ടികളും ഭയം കൊണ്ട് ഈ വിവരങ്ങള്‍ മറച്ചുവച്ചു. രണ്ട് വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കൂടുതല്‍ പേര്‍ ശബ്ദമുയര്‍ത്താന്‍ തയാറായത്.
അര്‍ദ്ധരാത്രിയില്‍ മൂവരും ലേഡീസ് ഹോസ്റ്റലിലും പോകാറുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. നാല് വര്‍ഷക്കാലമായി മൂവരും ലൈംഗിക ചൂഷണം നടത്തിവരികയായിരുന്നെങ്കിലും പുറംലോകം സംഭവം അറിയുന്നത് ഇപ്പോഴാണ്. സംഭവത്തില്‍ ധര്‍വാദ് ഉപനഗര്‍ പൊലീസ് കൂടുതല്‍ അന്വേഷമം നടത്തിവരികയാണ്.
Story Highlights: Principal, college president, and professor sexually exploit students in karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here