Advertisement

കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്ക്; കെ സുധാകരൻ

August 19, 2022
Google News 2 minutes Read

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസ് തല്ലിത്തകര്‍ത്ത കേസില്‍ സ്റ്റാഫ് ഉള്‍പ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ എംപി.

വാദിയെ പ്രതിയാക്കുന്ന സമീപനമാണ് കേരള സര്‍ക്കാരും പൊലീസും സ്വീകരിക്കുന്നത്. രാഷ്ട്രീയ പ്രേരിതമാണ് അറസ്റ്റ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നിരപരാധികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പൊലീസ് അന്വേഷണം ആരംഭിക്കുന്നത് മുമ്പ് തന്നെ പ്രതികള്‍ കോണ്‍ഗ്രസ് കാരാണെന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. ഈ കേസില്‍ കോണ്‍ഗ്രസുകാരെ പ്രതികളാക്കാനുള്ള ഗൂഢാലോചന അവിടെ നിന്നാണ് തുടങ്ങിയതെന്നും കടുത്ത നീതിനിഷേധ നടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനമെങ്കില്‍ അതിനെ രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസും നിര്‍ബന്ധിതമാകുമെന്നും സുധാകരന്‍ പറഞ്ഞു.

ഓഫീസ് തല്ലിത്തകര്‍ത്ത എസ്എഫ്ഐക്കാരെയും ഒത്താശ ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെയും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തത് ഒഴിച്ചാല്‍ കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ മറ്റുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര വകുപ്പ് ഒരു നടപടിയും എടുത്തിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് എംപി ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം മുഖവിലയ്‌ക്കെടുക്കാതെയാണ് കോണ്‍ഗ്രസുകാരെ പ്രതികളാക്കി അറസ്റ്റ് ചെയ്തത്. സര്‍ക്കാരിന്റെയും സിപിഐഎമ്മിന്റെയും മുഖം രക്ഷിക്കാനുള്ള വ്യഗ്രതയുടെ ഭാഗമാണ് പൊലീസ് നടപടിയെന്നും സുധാകരൻ ആരോപിച്ചു.

കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ എങ്ങനെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതികളാക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. അതിനാലാണ് സംഭവ സ്ഥലത്ത് പോലുമില്ലാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വരെ പ്രതികളാക്കാനാണ് പൊലീസ് ശ്രമിച്ചത്. കേസ് വഴിതിരിച്ചുവിട്ട് രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് പൊലീസ് പ്രകടിപ്പിച്ചത്. കോണ്‍ഗ്രസുകാരെ കള്ളക്കേസില്‍ കുടുക്കി എസ്എഫ്ഐ പ്രവര്‍ത്തകരെ രക്ഷിക്കാമെന്നത് മൗഢ്യമാണ്. പൊലീസിന്റെ പക്ഷപാതപരമായ നടപിക്കെതിരെ കോണ്‍ഗ്രസ് ശക്തമായ നിയമപോരാട്ടം നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.

Story Highlights: Role of Chief Minister’s Office in Arrest of Congress Workers; K Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here