Advertisement

പെണ്‍കുട്ടികള്‍ പാന്റ്സും ഷര്‍ട്ടും ഇടണമെന്ന തീരുമാനം എന്തിനാണ് അടിച്ചേല്‍പ്പിക്കുന്നത്?; വി.‍ഡി സതീശൻ

August 19, 2022
3 minutes Read
VD Satheesan reacts on gender neutral issue
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജൻഡർ ന്യൂട്രൽ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രം​ഗത്ത്. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ആരെയും ഒരു വസ്ത്രവും അടിച്ചേല്‍പ്പിക്കരുത്. പെണ്‍കുട്ടികള്‍ പാന്റ്‌സും ഷര്‍ട്ടും ഇടണമെന്ന തീരുമാനം എന്തിനാണ് അടിച്ചേല്‍പ്പിക്കുന്നത്?. ഇത് എങ്ങനെ ജെണ്ടര്‍ ഇക്വാളിറ്റിയാകും?. യൂണിഫോം ഒരു പാറ്റേണ്‍ ആണ്. പക്ഷെ അതില്‍ ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്കുണ്ട്. ജൻഡർ ജസ്റ്റിസ് നടപ്പാക്കുമ്പോള്‍ പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യമാണ് പ്രധാനം. അതനുസരിച്ചുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പാക്കിയാല്‍ പ്രതിപക്ഷം പിന്തുണയ്ക്കും. ജൻഡർ ജസ്റ്റിസ് സംബന്ധിച്ച ചര്‍ച്ച കുട്ടികളുടെ യൂണിഫോമില്‍ മാത്രം ഒതുക്കി നിര്‍ത്തുകയാണ്. ( VD Satheesan reacts on gender neutral issue )

ലിംഗ നീതി സംബന്ധിച്ച് മുന്‍ഗണന തീരുമാനിക്കണം. അല്ലാതെ ഓരോ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ചിട്ട് ഇതാണ് ലിംഗ നീതിയെന്ന് പറയരുത്. വിവാദങ്ങള്‍ ഉണ്ടാക്കാതെ ലിംഗ നീതി നടപ്പാക്കുകയാണ് ചെയ്യേണ്ടത്. ലിംഗ നീതി സമൂഹത്തില്‍ അനിവാര്യമാണെന്നതാണ് കോണ്‍ഗ്രസ് നിലപാട്. ഉറച്ച സ്ത്രീപക്ഷ നിലപാടാണ് കോഴിക്കോട് ചിന്തന്‍ ശിബിറിലും സ്വീകരിച്ചത്. ലിംഗ നീതി വിഷയത്തില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കേണ്ട. ഡോ. എം.കെ മുനീര്‍ പറഞ്ഞത് എന്താണെന്ന് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.

Read Also: ജൻഡർ ന്യൂട്രൽ ചർച്ച സി.പി.ഐ.എമ്മിന്റെ അജണ്ട; ഇ.ടി മുഹമ്മദ് ബഷീർ

ജൻഡർ ന്യൂട്രൽ ചർച്ച സി.പി.ഐ.എമ്മിന്റെ അജണ്ടയുടെ ഭാഗമാണെന്ന ആരോപണവുമായി ‌ഇ.ടി മുഹമ്മദ് ബഷീർ എം.എൽ.എ രം​ഗത്തെത്തി. സമത്വം വേണ്ടത് തുല്യവേതനം നൽകുന്ന കാര്യത്തിലാണ്. അത്തരം കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നതിന് പകരം ചർച്ച വഴി തിരിച്ചുവിടാനാണ് സർക്കാരിന്റെ നീക്കം. എം.കെ മുനീർ, പി.എം.എ സലാം എന്നിവർ പറഞ്ഞതിൽ അവർ തന്നെ വിശദീകരണം നൽകട്ടെയെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.

ജെൻഡർ ന്യൂട്രൽ എന്ന പേരിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്താൻ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചത് വിവാദമായിരുന്നു. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികളുടെ ശ്രദ്ധ പാളിപ്പോകും. ആണും പെണ്ണും ഒന്നിച്ചിരിക്കുന്നത് അപകടമാണ്. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ വിദ്യാർത്ഥികൾക്ക് സ്വഭാവദൂഷ്യമുണ്ടാവുമെന്നും പിഎംഎ സലാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: ജൻഡർ ന്യൂട്രൽ: ഒരിടത്തും യൂണിഫോം സർക്കാർ അടിച്ചേൽപ്പിക്കില്ലെന്ന് വി.ശിവൻകുട്ടി

ഇന്നലെ ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെയും ഉന്നതാധികാര സമിതി അംഗങ്ങളുടെയും യോഗത്തിലെ തീരുമാനങ്ങളാണ് പി.എം.എ സലാം വിശദീകരിച്ചത്. ലിബറലിസത്തിൻ്റെ നിഗൂഢമായ ദുരുദ്ദേശ്യമാണ് നിർദ്ദേശത്തിനു പിന്നിൽ. ഇത് എല്ലാ മതവിശ്വാസികളുടെയും പ്രശ്നമാണ്. മതവിശ്വാസങ്ങളിൽ കാലാനുസൃത മാറ്റം എന്നൊന്നില്ല. ജപ്പാനിൽ ഫ്രീ സെക്സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞു. പുരുഷ വസ്ത്രം സ്ത്രീയിൽ അടിച്ചേല്പിക്കുന്നതിനു പകരം സ്ത്രീകളുടെ വസ്ത്രം ധരിച്ച് പുരുഷന്മാർക്ക് സ്ത്രീകളെ ബഹുമാനിച്ചുകൂടേ? എന്നും പിഎംഎ സലാം ചോദിച്ചു.

ജെൻഡർ ന്യൂട്രാലിറ്റി നടപ്പായാൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ പറഞ്ഞത്. കൂടുതൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ട്. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോൾ സ്വവർഗ ലൈംഗികതയിൽ എന്തിനാണ് കേസ് എടുക്കുന്നത്. ആൺകുട്ടികൾ മുതിർന്ന പുരുഷന്മാരുമായി ബന്ധപ്പെട്ടാൽ കേസ് എടുക്കുന്നത് എന്തിനാണെന്നും എംകെ മുനീർ ചോദിച്ചു. ഇതിനെതിരെ പ്രതികരിച്ചത് കൊണ്ട് തന്നെ ഇസ്ലാമിസ്റ്റ് ആക്കിയാലും കുഴപ്പമില്ലെന്നും മുനീർ പറഞ്ഞു. കെഎടിഎഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മുനീർ.

Read Also: സി.ഇ.ടിക്ക് സമീപത്തെ ബസ് സ്റ്റോപ്പിൽ ജൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ നിർമ്മിക്കും; പ്രഖ്യാപനവുമായി ആര്യ രാജേന്ദ്രൻ

എന്നാൽ, ഒരിടത്തും ജൻഡർ ന്യൂട്രൽ യൂണിഫോം സർക്കാർ അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. ത്യല്യതാ യൂണിഫോം നടപ്പാക്കണം എന്നുള്ള സ്‌കൂളുകൾ പി ടി എയുമായി ആലോചിച്ചു സർക്കാരിനെ അറിയിച്ചാൽ പരിഗണിക്കും. സർക്കാരിന് പ്രത്യേക നിർബന്ധം ഇല്ല. നിലപാട് സർക്കാർ വ്യക്തമാക്കിയിട്ടും തെറ്റിദ്ധാരണ പരക്കുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.

ഒരു നിലയിലും ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യത യൂണിഫോം വേണമെങ്കിൽ പിടിഎയും സ്‌കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപനവും കൂടിയാലോചിച്ച് ആ തീരുമാനം വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുകയാണ് വേണ്ടത്. വിദ്യാഭ്യാസ വകുപ്പ് അത് പരിശോധിച്ച ശേഷമാണ് തീരുമാനമെടുക്കുന്നതെന്നും വി. ശിവൻ കുട്ടി പറഞ്ഞു.

Story Highlights: VD Satheesan reacts on gender neutral issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement