പുലിമുട്ടുകൾക്ക് മുകളിൽ കയറി പതാക നാട്ടി വൈദികർ; വിഴിഞ്ഞത്ത് ഇന്നും പ്രതിഷേധം

വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നിലെ സമരം ഇന്നും തുടരുന്നു. പള്ളം ലൂർദ് പുരം, അടിമലത്തുറ കൊച്ചു പള്ളി ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം. വൈദികരുടെ നേതൃത്വത്തിലുള്ള സമരക്കാർ പൊലീസ് ബാരിക്കേഡുകൾ കടന്ന് നിർമാണ പ്രവർത്തനം നടക്കുന്നയിടത്തേക്ക് നീങ്ങുകയാണ്. വൈദികർ പുലിമുട്ടുകൾക്ക് മുകളിൽ കയറി പതാകയും നാട്ടി. ( vizhinjam protest pastor waves flag )
അതേസമയം, വിഴിഞ്ഞം തുറമുഖത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്‌മാന്റെ അധ്യക്ഷതയിലാകും നിർണായക ചർച്ച. ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികൾ. അതേസമയം, തുറമുഖ കവാടത്തിലെ സമരം നാലാം ദിവസത്തിലേക്ക് കടന്നു.
ചർച്ചയല്ലാതെ മറ്റ് വഴികൾ സർക്കാരിന് മുന്നിലില്ല. അതിരൂപത വികാരി ജനറലും സമരസമിതി കൺവീനറുമായ ഫാദർ യൂജിൻ പെരേരെയെ ഫോണിൽ വിളിച്ചാണ് ചർച്ചയ്ക്ക് തയ്യാറെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചത്. സ്ഥലമോ സമയമോ നിശ്ചയിച്ചിട്ടില്ല. ചർച്ചയെ ലത്തീൻ രൂപത സ്വാഗതം ചെയ്‌തെങ്കിലും മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ഏഴ് ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ച്ച് പഠനം നടത്തണം, തീരശോഷണത്തിന് ശാശ്വത പരിഹാരം വേണം, വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കണം തുടങ്ങിയവയാണ് ആവശ്യങ്ങൾ. എന്നാൽ തുറമുഖ നിർമാണം നിർത്തി വെയ്ക്കാനാകില്ലെന്നാണ് തുടക്കം മുതൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട്. അതുകൊണ്ട് തന്നെ ഇന്നത്തെ ചർച്ച ഏറെ നിർണായകമാണ്.
Story Highlights: vizhinjam protest pastor waves flag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here