Advertisement

ചെങ്ങറ ഭൂസമരക്കാര്‍ക്ക് നല്‍കിയ ഭൂമിയില്‍ ഭൂരിപക്ഷവും വാസയോഗ്യമല്ലെന്ന് സമ്മതിച്ച് സര്‍ക്കാര്‍

August 20, 2022
Google News 3 minutes Read
chengara land protestors got land not suitable to live

ചെങ്ങറ ഭൂസമരക്കാര്‍ക്ക് നല്‍കിയ ഭൂമിയില്‍ ഭൂരിപക്ഷവും വാസയോഗ്യമല്ലെന്ന് സമ്മതിച്ച് സംസ്ഥാന സര്‍ക്കാര്‍. 945 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയെങ്കിലും 181 കുടുംബങ്ങള്‍ മാത്രമാണ് ഭൂമിയില്‍ താമസിക്കുന്നത്. പകരം ഭൂമി നല്‍കാന്‍ സര്‍ക്കാരിന്റെ പക്കല്‍ ഭൂമിയില്ലെന്നും സര്‍ക്കാര്‍. ഇതേ തുടര്‍ന്ന്, അനുവദിച്ച ഭൂമിയില്‍ മാറ്റം വരുത്തി വാസയോഗ്യമാക്കാന്‍ കഴിയുമോയെന്ന് പഠിക്കാന്‍ സംസ്ഥാന, ജില്ലാ സമിതികളെ സര്‍ക്കാര്‍ നിയോഗിച്ചു ( chengara land protestors got land not suitable to live ).

2009ല്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് സമരക്കാരുമായി ചര്‍ച്ച നടത്തി ഭൂമി നല്‍കാന്‍ വ്യവസ്ഥയുണ്ടാക്കിയത്. ഇതനുസരിച്ച് 2010 ജനുവരിയില്‍ ഭൂമി വിതരണത്തിന് ഉത്തരവിറക്കി. പുനരധിവാസ പാക്കേജ് പ്രകാരം ഭൂരഹിതരായ 1495 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി 10 ജില്ലകളില്‍ 831 ഏക്കര്‍ ഭൂമി പിതിച്ചു നല്‍കാന്‍ ഉത്തരവിറക്കി. 945 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഭൂമി വാസയോഗ്യമല്ലെന്നും കൃഷിയോഗ്യമല്ലെന്നും കണ്ട് മിക്ക കുടുംബങ്ങളും മടങ്ങിപ്പോയി. നിലവില്‍ 181 കുടുംബങ്ങള്‍ മാത്രമാണ് അനുവദിച്ച ഭൂമി താമസിക്കാനോ കൃഷിക്കോ വിനിയോഗിക്കുന്നതെന്ന് സ്ഥലപരിശോധനയില്‍ സര്‍ക്കാര്‍ കണ്ടെത്തി.

Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി

ഇതിന് പകരമായി ഭൂമി അനുവദിക്കാന്‍ പുറമ്പോക്ക്, മിച്ചഭൂമി ഇനത്തില്‍ സര്‍ക്കാരിന്റെ പക്കല്‍ ഭൂമിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് വാസയോഗ്യമല്ലാത്ത ഭൂമിയില്‍ മാറ്റങ്ങള്‍ വരുത്താനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ ഭൂമിയിലേക്ക് റോഡ്, കുടിവെള്ളം, വൈദ്യുതി എന്നിവ എത്തിക്കാനും പാര്‍പ്പിടം നിര്‍മ്മിക്കാനും കൃഷിക്ക് അനുയോജ്യമാക്കാനുമാണ് നീക്കം.

വന്യജീവികളില്‍ നിന്നും സംരക്ഷണം ഒരുക്കും. കൃഷി, വനം, ഊര്‍ജ്ജ, പൊതുമരാമത്ത്, പട്ടികജാതി, പട്ടിക വര്‍ഗ, ജലവിഭവം, റവന്യൂ വകുപ്പുകളുടെ സംയുക്ത സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് സംഘത്തെ നിയോഗിച്ചത്. ഇത് ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനതലത്തില്‍ ലാന്റ് റവന്യൂ കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘത്തേയും നിയോഗിച്ചു. സ്ഥലത്ത് മാറ്റം വരുത്തുന്നതിനായി സംഘം പരിശോധന നടത്തും. ഇതിനുശേഷം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ നടപടി.

Story Highlights: chengara land protestors got land not suitable to live

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here