‘മോദിയെപോലൊരു ഫാസിസ്റ്റിന്റെ എല്ലാ ലക്ഷണവും പിണറായി വിജയനും ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്’; എം കെ മുനീർ

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചതിന് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തി നാടുകടത്താനുള്ള നീക്കം അത്യന്തം ഭീരുത്വമെന്ന് മുസ്ലിംലീഗ് നേതാവും എംഎൽഎയുമായ എം കെ മുനീർ. രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് കാപ്പ പോലൊരു നിയമം ചുമത്തുന്ന കീഴ്‌വഴക്കം സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ ജയിലിലടക്കുക എന്നതാണ് പിണറായി പൊലീസിന്റെ രീതി എന്നാണ് തോന്നുന്നതെന്നും എം കെ മുനീർ ഫേസ്ബുക്കിൽ വിമർശിച്ചു.(mk muneer against pinarayi vijayan)
മോദിയുടെ പൊലീസ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ കേരളത്തിൽ പിണറായിയുടെ പൊലീസ് രാഹുൽ ഗാന്ധിയുടെ സ്റ്റാഫുകളെയും അറസ്റ്റ് ചെയ്യുന്നു. പിണറായി വിജയന്റെ രാഷ്ട്രീയം നടപ്പാക്കുന്ന പൊളിറ്റിക്കൽ ടൂൾ ആയി പൊലീസ് സേന മാറി എന്നത് അത്യന്തം വേദനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
എകെജി സെന്ററിൽ ബോംബിട്ടവനെ ഇതുവരെ പിടികൂടാനായിട്ടില്ല. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചു ഗാന്ധിജിയുടെ ഫോട്ടോ തകർത്ത എസ്എഫ്ഐക്കാർക്കെതിരെ കേസ് എടുത്തില്ല. അതിന് പകരം രാഹുൽ ഗാന്ധിയുടെ സ്റ്റാഫിനെതിരെ കേസെടുക്കുകയാണ് ചെയ്തത്. അതിന് കാണിച്ച ആർജ്ജവം നാം അംഗീകരിക്കേണ്ടതാണെന്നും എം കെ മുനീർ പരിഹസിച്ചു.
എം കെ മുനീറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം,
“ഒന്നിനൊന്നോട് സാദൃശ്യം ചൊന്നാലുപമയാമത്” ഉപമയുടെ ലക്ഷണം അക്ഷരാർത്ഥത്തിൽ ഒന്നിച്ചിരിക്കുകയാണ് മോദിയിലും പിണറായി വിജയനിലും എന്ന് നിസ്സംശയം പറയേണ്ടിയിരിക്കുന്നു. മോദിയെപ്പോലൊരു ഫാഷിസ്റ്റിന്റെ എല്ലാ ലക്ഷണവും തനിക്കുമുണ്ട് എന്ന് ഓരോ ദിവസവും തെളിയിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. തനിക്കെതിരെ പ്രതികരിക്കുന്നവർ പിന്നീടൊരിക്കലും കൈ പൊക്കരുത് എന്ന ധാർഷ്ട്യ മനോഭാവം വെച്ചു പുലർത്തുകയാണ് അദ്ദേഹം. യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തി നാടുകടത്താനുള്ള നീക്കം അത്യന്തം ഭീരുത്വമാണ് മുഖ്യമന്ത്രീ..!! രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് കാപ്പ പോലൊരു നിയമം ചുമത്തുന്ന കീഴ്‌വഴക്കം സൃഷ്ടിക്കാൻ ശ്രമിക്കരുത് എന്നെ പറയാനുള്ളൂ.”കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ ജയിലിലടക്കുക” എന്നതാണ് പിണറായി പോലീസിന്റെ രീതി എന്നാണ് തോന്നുന്നത്. എ. കെ. ജി സെന്ററിൽ ബോംബിട്ടവനെ ഇത് വരെ പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചു ഗാന്ധിജിയുടെ ഫോട്ടോ തകർത്ത എസ്.എഫ്. ഐ ക്കാർക്കെതിരെ കേസ് എടുക്കുന്നതിനു പകരം രാഹുൽ ഗാന്ധിയുടെ സ്റ്റാഫിനെതിരെ കേസ് എടുക്കാൻ കാണിച്ച ആർജ്ജവം നാം അംഗീകരിക്കേണ്ടതാണ്. മോദിയുടെ പോലീസ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ കേരളത്തിൽ പിണറായിയുടെ പോലീസ് രാഹുൽ ഗാന്ധിയുടെ സ്റ്റാഫുകളെയും അറസ്റ്റ് ചെയ്യുന്നു.പിണറായി വിജയന്റെ രാഷ്ട്രീയം നടപ്പാക്കുന്ന പൊളിറ്റിക്കൽ ടൂൾ ആയി പോലീസ് സേന മാറി എന്നത് അത്യന്തം വേദനയുണ്ടാക്കുന്നതാണ്.
Story Highlights: mk muneer against pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here