ബിൽക്കിസ് ബാനോ കേസ്: പ്രതികളുടെ മോചനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി

ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിൽ പ്രതികളെ വിട്ടയച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. 2002ലെ ഗുജറാത്ത് കലാപക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതികളെ സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാന സർക്കാരിന്റെ ‘റിമിഷൻ പോളിസി’ പ്രകാരം മോചിപ്പിച്ചിരുന്നു.
മുതിർന്ന അഭിഭാഷകൻ കപിൽ സിബലും അഭിഭാഷക അപർണ ഭട്ടും ചീഫ് ജസ്റ്റിസിന് മുമ്പാകെ വിഷയം പരാമർശിക്കുകയും, വാദം കേൾക്കുന്നത് നേരത്തെ ആക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണോ പ്രതികളെ വിട്ടയച്ചതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ ചോദിച്ചു. സുപ്രീം കോടതി ഉത്തരവിനെയല്ല, പ്രതികളുടെ മോചനത്തെയാണ് ചോദ്യം ചെയ്യുന്നതെന്ന് സിബൽ മറുപടി നൽകി.
14 പേരെ കൊലപ്പെടുത്തിയ കേസിലും ഗർഭിണിയായ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത കേസിലും 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചു. സംസ്ഥാന സർക്കാരിൻ്റെ ഈ തീരുമാനം പിൻവലിക്കണമെന്നും, സമാധാനത്തോടെയും ഭയമില്ലാതെയും ജീവിക്കാനുള്ള അവകാശം തിരികെ നൽകണമെന്നും ഹർജിയിൽ പറയുന്നു. തുടർന്ന് ഇക്കാര്യം പരിശോധിക്കാമെന്ന് സി.ജെ.ഐ എൻ.വി രമണ അറിയിച്ചു.
Story Highlights: Bilkis Bano case convicts’ release challenged in SC, CJI to consider listing it
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here