Advertisement

ഡ്യുറൻഡ് കപ്പ്: വീണ്ടും ജയമില്ലാതെ ബ്ലാസ്റ്റേഴ്സ് യുവനിര; ജംഷഡ്പൂരിനെതിരെ ഇരട്ട ഗോൾ പരാജയം

August 23, 2022
Google News 2 minutes Read
durand cup blasters jamshedpur

ഡ്യുറൻഡ് കപ്പിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് തോൽവി. കരുത്തരായ ഒഡീഷ എഫ്‌സിയോട് മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് തോറ്റത്. ആദ്യപകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ബ്ലാസ്‌റ്റേഴ്‌സ് രണ്ടാംപകുതിയിൽ ഐസക്ക്, സോൾ ക്രെസ്‌പോ എന്നിവരുടെ ഗോളുകളിലാണ് തോൽവി വഴങ്ങിയത്. ഗ്രൂപ്പ് ഡിയിലെ ആദ്യ കളിയിൽ ബ്ലാസ്റ്റേഴ്സ് സുദേവ ഡൽഹി എഫ്‌സിയോട് സമനില വഴങ്ങിയിരുന്നു. (durand cup blasters jamshedpur)

സുദേവയ്‌ക്കെതിരെ കളിച്ച രീതിയിൽതന്നെയായിരുന്നു ഒഡീഷയ്‌ക്കെതിരെയും ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം. ഒഡീഷയുടെ മുന്നേറ്റങ്ങളെ ബോക്‌സിന് മുന്നിൽ തടഞ്ഞു. പ്രത്യാക്രമണങ്ങൾക്കുള്ള അവസരങ്ങൾക്കായി കാത്തിരുന്നു. ഒഡീഷയുടെ ഗോൾശ്രമങ്ങളെ ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റനും ഗോൾ കീപ്പറുമായ സച്ചിൻ സുരേഷ് സമർഥമായി തടയുകയും ചെയ്തു. 19ാം മിനിറ്റിൽ പെഡ്രോയുടെ ബോക്‌സിനുള്ളിൽവച്ചുള്ള ഗോൾശ്രമം പ്രതിരോധത്തിൽ തേജസ് തടഞ്ഞു. 22ാം മിനിറ്റിൽ ജെറിയുടെ ക്രോസ് പെഡ്രോയിൽ എത്തും മുമ്പ് സച്ചിൻ സുരേഷ് പന്ത് പിടിച്ചെടുത്തു. 35ാം മിനിറ്റിൽ ഒഡീഷയ്ക്ക് മികച്ച അവസരം ലഭിച്ചു. ബോക്‌സിന്റെ വലതുഭാഗത്തുനിന്ന് ജെറി ഗോൾമുഖത്തേക്ക് മികച്ച ക്രോസ് കൊടുത്തു. കൃത്യം നന്ദകുമാറിന്. ഒഡീഷ താരത്തിന്റെ ഹെഡർ സച്ചിൻ സുരേഷ് സൂപ്പർ സേവിലൂടെ തടഞ്ഞു. പ്രതിരോധത്തിൽ ബ്ലാസ്‌റ്റേഴ്‌സ് മികച്ചുനിന്നു. റോഷൻ ഗിഗിയും അയ്‌മെനും ഒഡീഷ താരങ്ങളെ ബോക്‌സിലേക്ക് കടത്തിവിട്ടില്ല. ആദ്യപകുതിയുടെ അവസാന നിമിഷം ബ്ലാസ്‌റ്റേഴ്‌സ് പ്രത്യാക്രമണം നടത്തിയെങ്കിലും അരിത്രയ്ക്ക് ലക്ഷ്യം കാണാനായില്ല. മനോഹരമായ പ്രതിരോധക്കളിയുമായി ബ്ലാസ്‌റ്റേഴ്‌സ് ആദ്യപകുതി അവസാനിപ്പിച്ചു.

രണ്ടാംപകുതിയിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ കിടയറ്റ പ്രതിരോധം തകർത്തായിരുന്നു ഒഡീഷയുടെ തുടക്കം. 51ാം മിനിറ്റിലായിരുന്നു ഒഡീഷയുടെ ഗോൾ. ഐസകിന്റെ കരുത്തുറ്റ ഷോട്ട് സച്ചിൻ സുരേഷിനെ മറികടന്നു. പകരക്കാരനായെത്തിയ ഡിയേഗോ മൗറീസിയോ ആണ് ഗോൾ അവസരം ഒരുക്കിയത്. വലതുപാർശ്വത്തിലൂടെ മുന്നേറിയ മൗറീസിയോ ഗോൾമുഖത്തേക്ക് ക്രോസ് തൊടുത്തു. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ താരങ്ങൾക്കിടയിൽനിന്ന് ഐസക് വലകുലുക്കി. ഇതിനിടെ ബ്ലാസ്‌റ്റേഴ്‌സ് നിരയിൽ എബിൻദാസും ജസീമുമെത്തി. ഗോളെണ്ണം കൂട്ടാൻ ഒഡീഷ തുടർ ആക്രമണങ്ങൾ നടത്തിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം വിട്ടുകൊടുത്തില്ല. അരീത്രയിലൂടെ പ്രത്യാക്രമണത്തിനും ശ്രമിച്ചു. പക്ഷേ, ബോക്‌സിൽ ഒഡീഷ പ്രതിരോധം തടഞ്ഞു. 73ാം മിനിറ്റിൽ മൗറീസിയോയുടെ അപകടകരമായ മുന്നേറ്റം ബോക്‌സിലേക്ക്. എന്നാൽ തേജസിന്റെ ഇടപെടൽ അപകടമൊഴിവാക്കി. എന്നാൽ അടുത്ത മിനിറ്റിൽതന്നെ രണ്ടാംഗോൾ വഴങ്ങി. കോർണറിൽനിന്നുള്ള പന്ത് അടിച്ചൊഴിവാക്കാനുള്ള പ്രതിരോധത്തിന്റെ ശ്രമം പാളി. പന്ത് ഒസാമ മാലിക്കിന്. ഹെഡർ ബോക്‌സിലേക്ക്. ഒഴിഞ്ഞുനിൽക്കുകയായിരുന്ന ക്രെസ്‌പോ അനായാസം പന്ത് വലയിലാക്കി. രണ്ട് ഗോൾ ലീഡ് നേടിയതോടെ കളിയിൽ ഒഡീഷ പൂർണമായും നിയന്ത്രണം നേടി.

തിരിച്ചടിക്കാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമങ്ങളെ അവർ തടയുകയും ചെയ്തു. 89ാം മിനിറ്റിൽ മുഹമ്മദ് അസ്ഹറിന്റെ മികച്ച ശ്രമം നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. ബോക്‌സിന് പുറത്തുനിന്നുള്ള ലോങ് റേഞ്ചർ പോസ്റ്റിന് അരികിലൂടെ പറന്നു. വഴികൾ ഒന്നും പിന്നെ ബ്ലാസ്‌റ്റേഴ്‌സിന് തുറന്നുകിട്ടിയില്ല. അവസാന നിമിഷം സച്ചിൻ സുരേഷിന്റെ മറ്റൊരു കൃത്യമായ ഇടപെടൽ ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചു. പിന്നാലെ ഗൗരവിന് പകരം അൽകേഷ് ഇറങ്ങി. 27ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Story Highlights: durand cup blasters lost jamshedpur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here