Advertisement

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്‍സ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പി

August 23, 2022
Google News 1 minute Read
neet exam dress code controversy, Minister Veena George's response

തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.എ.ടി ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന് 93.36 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പി മെഷീനും അനുബന്ധ ഉപകരണങ്ങളും വാങ്ങാനാണ് തുകയനുവദിക്കുന്നത്. സര്‍ക്കാര്‍ മേഖലയിലെ ആദ്യ സംരംഭമാണിത്.

ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ മൂന്നോ നാലോ പ്രധാന ആശുപത്രികളില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്. ഇത് സജ്ജമാകുന്നതോടെ എസ്.എ.ടി.യില്‍ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിലെത്തുന്ന കുട്ടികള്‍ക്ക് അത്യാധുനിക ചികിത്സാ സംവിധാനം ലഭ്യമാകും. ഭാവിയില്‍ ഈ വിഭാഗത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡി.എം കോഴ്‌സ് ആരംഭിക്കാന്‍ ഈ സംവിധാനങ്ങള്‍ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികള്‍ക്കുണ്ടാകുന്ന ഉദരം, കുടല്‍, കരള്‍, പാന്‍ക്രിയാസ് എന്നിവ സംബന്ധമായ അസുഖങ്ങള്‍ക്കായുള്ള സ്‌പെഷ്യാലിറ്റി ചികിത്സയാണ് പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം വഴി നല്‍കുന്നത്. ഇതോടൊപ്പം തന്നെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളുടെ ചികിത്സയും ഈ വിഭാഗം വഴി നല്‍കി വരുന്നു. പ്രതിവര്‍ഷം നാലായിരത്തോളം പേരാണ് എസ്.എ.ടി ആശുപത്രിയിലെ ഈ വിഭാഗത്തില്‍ ചികിത്സ തേടുന്നത്. ഗുരുതര കരള്‍ രോഗം ബാധിച്ച കുട്ടികള്‍ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള ചികിത്സയും ഇവിടെ നിന്നും ലഭ്യമാക്കുന്നു.

പുതിയ സംവിധാനം വരുന്നതോടെ ഈ വിഭാഗത്തിലെത്തുന്ന കുട്ടികള്‍ക്ക് പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പി മെഷീനിലൂടെ നൂതന പരിശോധനയും ചികിത്സയും ലഭ്യമാകും. കുടല്‍ സംബന്ധമായ രോഗങ്ങള്‍ കണ്ടെത്തുന്നതിനും കരള്‍ രോഗം ബാധിച്ച കുട്ടികളിലെ രക്തസ്രാവം കണ്ടെത്തുന്നതിനും കഴിയും. അറിയാതെ എന്തെങ്കിലും വസ്തുക്കള്‍ വിഴുങ്ങി വരുന്ന കുട്ടികളില്‍, വിഴുങ്ങിയ വസ്തുവിനെ കൃത്യമായി കണ്ടെത്താനും പുറത്തെടുക്കാനും സാധിക്കും. അനസ്തീഷ്യ വിഭാഗത്തിന്റെ സേവനം ഉറപ്പ് വരുത്തിയാണ് ചികിത്സ നല്‍കുന്നത്. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ഒ.പി പ്രവര്‍ത്തിക്കുന്നത്.

Story Highlights: First Pediatric Gastrointestinal Endoscopy in Govt sector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here