കാനഡ മിസ്സിസ്സാഗ മുന്‍സിപ്പാലിറ്റിയിലേക്ക് മലയാളി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

കാനഡയിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഒന്റാറിയോ പ്രവിശ്യയിലെ മിസ്സിസ്സാഗ മുന്‍സിപ്പാലിറ്റിയിലേക്ക് മലയാളിയായ ഡോ.തോമസ് തോമസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം തലയോലപ്പറമ്പ് മരങ്ങോലില്‍ കുടുംബാംഗമായ തോമസ് തുടര്‍ച്ചയായ ആറാം തവണ സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയായും തെരഞ്ഞെടുക്കപ്പെട്ടു. കാല്‍ നൂറ്റാണ്ടോളം ഒരേ വാര്‍ഡിനെ പ്രതിനിധീകരിച്ചു സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയായി വിജയിക്കുകയെന്ന അപൂര്‍വ നേട്ടം അദ്ദേഹം സ്വന്തമാക്കി ( Malayali was elected to Canada Municipality ).
നിലവില്‍ ഡഫറിന്‍ പീല്‍ കാത്തലിക് സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയും വൈസ് ചെയര്‍മാനുമായ തോമസ്, നിരവധി കമ്മറ്റികളില്‍ ചെയറും വൈസ് ചെയറുമായിരുന്നു. പിളര്‍പ്പിന് മുമ്പുള്ള ഫൊക്കാനയുടെയും കനേഡിയന്‍ മലയാളി അസോസിയേഷന്റെയും പ്രസിഡന്റായിരുന്നു. കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് സെക്രട്ടറി, ഫോമാ കാനഡ റീജിയണല്‍ വൈസ് പ്രസിഡന്റ്, പനോരമ ഇന്ത്യാ ഡയറക്ടര്‍ തുടങ്ങിയ നിരവധി നിലകളില്‍ സേവനമനുഷ്ഠിക്കുന്ന ഡോ.തോമസ് തോമസ്, കനേഡിയന്‍ മലയാളികളുടെ ഇടയില്‍ സജീവ സാന്നിധ്യമാണ്.
ഇത്തവണത്തെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഡോ.തോമസ് തോമസിന്റെ സഹോദരീ പുത്രന്‍ ഷോണ്‍ സേവ്യറും സഹോദരന്റെ പുത്രി അനീഷ തോമസും മത്സര രംഗത്തുണ്ട്. കൗണ്‍സിലറായി സൂസന്‍ ജോസഫ്, സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിമാരായിരുന്ന സൂസന്‍ ബെഞ്ചമിന്‍, ടോമി കോക്കാട്ട്, മാത്യു ജേക്കബ്, മാത്യു തോമസ് കുതിരവട്ടം, ടോമി വാളൂക്കാരന്‍ തുടങ്ങിയ മലയാളികളും ഇത്തവണ മത്സരിക്കുന്നുണ്ട്.
Story Highlights: Malayali was elected to Canada Municipality
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here