‘വ അലൈക്കുമുസ്സലാം’ എന്ന് അഭിവാദ്യം; തട്ടിപ്പുകാരനെ പൊളിച്ചടുക്കി ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ്

ഓൺലൈൻ പണത്തട്ടിപ്പുകൾ വർദ്ധിച്ചുവരികയാണ്. അടുപ്പമുള്ളവരുടെ പേരിൽ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി അതിൽ നിന്ന് പണം ആവശ്യപ്പെട്ടുള്ള തട്ടിപ്പുകളും വ്യാപകമാണ്. ചിലർ അബദ്ധം പറ്റി പണം നൽകിയപ്പോൾ മറ്റ് ചിലർ തട്ടിപ്പ് കൃത്യമായി മനസ്സിലാക്കി. എഴുത്തുകാരൻ ഷിഹാബുദ്ദീൻ പൊയ്ത്തുംകടവിനെയും ഇങ്ങനെ ഒരാൾ പറ്റിക്കാൻ ശ്രമിച്ചു. എന്നാൽ, ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഈ തട്ടിപ്പ് പൊളിച്ചു. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ അദ്ദേഹം ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്. (Shihabuddin Poythumkadavu facebook post)
സുഹൃത്ത് അസ്ലം എന്നയാളുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി അതിൽ നിന്ന് 20,000 രൂപയാണ് തട്ടിപ്പുകാരൻ ഷിഹാബുദ്ദീൻ പൊയ്ത്തുംകടവിനോട് ചോദിച്ചത്. ചോദിക്കുന്നതിനിടെ ‘അസ്സലാമു അലൈക്കും’ എന്നതിനു പകരം ‘വ അലൈക്കുമുസ്സലാം’ എന്ന് തട്ടിപ്പുകാരൻ അഭിവാദ്യം ചെയ്തു. ഇതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്.
Read Also: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; കേന്ദ്ര ഡയറക്ട്രേറ്റിന് റിപ്പോര്‍ട്ട് കൈമാറി ഇഡി
ഷിഹാബുദ്ദീൻ പൊയ്ത്തുംകടവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
കേവലം 20,000 രൂപയേ ചോദിച്ചുള്ളൂ. നാളെ കാലത്ത് തന്നെ തിരികെ ബാങ്കിൽ ഇടാമെന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നി. കൂടുതൽ പണം ആവശ്യമുണ്ടെങ്കിൽ ,അയക്കാം, പറയാൻ മടിക്കേണ്ട എന്ന് ഞാനൊന്നു സൂചിപ്പിച്ചു. എൻ്റെ സ്നേഹം കണ്ട് നിരുദ്ധകണ്ഠനായിപ്പോയത് കൊണ്ടാവണം അദ്ദേഹം മാതൃഭാഷ പോലും മറന്നു പോയി!
യഥാർത്ഥ അസ്ലംക്ക അസ്സലാമു അലൈക്കും എന്നതിന് പകരം വസ്സലാമു അലൈക്കും എന്ന് പറയില്ല എന്നതൊന്നും പാവം വ്യാജൻ അറിയാതെ പോയതിൽ പെരുത്ത് സങ്കടംണ്ട് ട്ടാ. മതവിശ്വാസം വെച്ചുള്ള തട്ടിപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമല്ല സാധ്യതകൾ എന്ന് അദ്ദേഹം കാഞ്ഞബുദ്ധി കൊണ്ട് മനസ്സിലാക്കി വെച്ചിട്ടുണ്ട്. ഏത് മതത്തിൽ പെട്ടവനായാലും യുക്തിയെ എളുപ്പത്തിൽ തരിപ്പിച്ച് വിടാൻ മതത്തിൻ്റെ മുലക്കുപ്പി എടുത്ത് പുറത്തിട്ടാൽ മതി. പ്രത്യേകിച്ചും ഇന്ത്യയിൽ. പെട്രോളിന് അഞ്ഞൂറായാലും സോഷ്യൽ മീഡിയയിൽ വർഗീയതയും പറഞ്ഞ് ചൊറിഞ്ഞ് ചല മൊലിപ്പിച്ച് ഇരുന്നോളും – ഇതൊക്കെ പഹയൻ മനസ്സിലാക്കി വെച്ചിട്ടുണ്ട്, കേട്ടാ..
പഹയന് ഒരു തട്ടിപ്പുകാരൻ എന്ന നിലയിൽ ശോഭനമായ ഭാവിയുണ്ട്. ഭാവിയിൽ വല്യ പണക്കാരനാവുമ്പോ നമ്മളെയൊന്നും മറക്കരുത്, ട്ടാ.
Story Highlights: Shihabuddin Poythumkadavu facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here