‘എന്നെ അടിച്ച പൊലീസൊന്നും ജീവനോടെ ഇല്ല മോനേ….’;കെട്ട് ഇറങ്ങിയപ്പോള്‍ ‘എന്നെ കൊല്ലല്ലേ സാറേ…..’

മദ്യത്തിന്റെ ലഹരിയില്‍ പരിസരം മറന്ന് പൊലീസ് സ്റ്റേഷനില്‍ നിന്ന് കൊണ്ട് തന്നെ പൊലീസുകാരോട് വധ ഭീഷണി മുഴക്കുന്ന യുവാവിന്റെ വിഡിയോ സോഷ്യല്‍ മിഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, പിറ്റേ ദിവസം നേരം വെളുത്ത് കുടിച്ച കെട്ട് ഇറങ്ങിയപ്പോള്‍ ആളൊരു പാവം പയ്യനായി, പൊലീസുകാരോട് ക്ഷമയും ചോദിച്ചു.
ഒരു പകലിന്റെ വ്യത്യാസത്തില്‍ അന്യനായും അമ്പിയായും മാറിയിരിക്കുകയാണ് ഈ തിരുവനന്തപുരം വെള്ളറട സ്വദേശി സൈവിന്. ‘എന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ’, എന്ന് പറഞ്ഞ് തുടങ്ങുന്ന സൈവിന്റെ ഡ്രമാറ്റിക് മാസ്സ് ഡയലോഗ് ആദ്യം കാണാം.
സിനിമയിലെ വില്ലന്‍ സീനുകള്‍ ഓര്‍മ്മിപ്പിക്കുന്ന പ്രകടനം ഒക്കെ ആണ് യുവാവ് നടത്തിയതെങ്കിലും നേരം വെളുത്ത് കഴിഞ്ഞപ്പോള്‍ ആശാന് പറഞ്ഞതൊന്നും ഓര്‍മ്മയില്ല. എനിക്ക് അത്ര ധൈര്യം ഒന്നും ഇല്ല സാറേ എന്നായിരുന്നു പ്രതികരണം. ഇവന്‍ തന്നെ അല്ലെ അവന്‍ എന്ന് തോന്നിപ്പോകുന്ന പെരുമാറ്റം കണ്ട് പൊലീസുകാരും ആദ്യമൊന്ന് അമ്പരന്നു.
Read Also: പെരുവണ്ണാമൂഴി ഇര്‍ഷാദിന്റെ കൊലപാതകം; യുഎഇയുടെ സഹായം തേടി കേരള പൊലീസ്
ആള്‍ ഈ കാണുന്ന അത്ര പാവമൊന്നുമല്ല, മോഷണക്കേസിലെ പ്രതിയാണ് സൈവിന്‍ എന്ന ഈ യുവാവ്. തൃശൂര്‍ നഗരത്തിലെ ചില വീടുകളില്‍ മോഷ്ടിക്കാന്‍ കയറിപ്പോഴാണ് സൈവിന്‍ പൊലീസിന്റെ പിടിയിലാകുന്നത്. വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കയ്യോടെ പിടികൂടുകയായിരുന്നു. തൃശൂര്‍ ജില്ലാ ആശുപ്രതിയില്‍ ആയിരുന്നു വൈദ്യപരിശോധന നടത്തിയത്.
മോഷണശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിന്നെ, സൈവിന്‍ പറഞ്ഞത് പോലെ വിഴിഞ്ഞത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയിട്ടില്ലെന്നും അത്തരമൊരു കേസില്ലെന്നും വിഴിഞ്ഞം പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights: viral video of young men in police station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here