Advertisement

സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ ഇന്ന് പരിഗണിക്കും

August 24, 2022
Google News 2 minutes Read
kerala assembly university amendment bill

സർവ്വകലാശാലാ വി സി നിയമനത്തിൽ ചാൻസിലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരം നിയന്ത്രിക്കുന്ന സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ ഇന്ന് പരിഗണിക്കും. സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചാക്കി ഉയർത്തുന്നതാണ് ബില്ലിലെ പ്രധാന ഭേദഗതി. ( kerala assembly university amendment bill )

സർക്കാരുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടഞ്ഞു നിൽക്കുന്നതിനിടയാണ്, സർവകലാശാല നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭയിലെത്തുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിയമ ഭേദഗതി സഭയിൽ അവതരിപ്പിക്കും. വിസി നിയമനത്തിന് നിലവിലുള്ള മൂന്ന് അംഗ സെർച്ച് കമ്മിറ്റിക്ക് പകരം സർക്കാറിന് നിയന്ത്രണമുള്ള അഞ്ച് അംഗ സമിതി വരും. നിലവിൽ ഗവർണറുടെയും യുജിസിയുടേയും സർവകലാശാലയുടേയും നോമിനികൾ മാത്രമാണ് സമിതിയിലുള്ളത്. പുതുതായി വരുന്ന രണ്ട് അംഗങ്ങളിൽ ഒരാൾ സർക്കാർ നോമിനിയായിരിക്കും. പിന്നെ വരുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും സെർച്ച് കമ്മിറ്റി കൺവീനർ. ഇതോടെ, സമിതിയിൽ ഭൂരിപക്ഷമുള്ള സർക്കാറിന്, ഗവർണറുടെ എതിർപ്പ് മറികടന്ന് ഇഷ്ടമുള്ളയാളെ വി സിയാക്കാം. വി സിമാരുടെ പ്രായപരിധി 60 ൽ നിന്ന് 65 ആക്കി ഉയർത്തുന്നതാണ് മറ്റൊരു ഭേദഗതി.

ഗവർണറുമായി ഇടഞ്ഞു നിൽക്കുന്ന കണ്ണൂർ വിസിയുടെ നിയമനം ക്രമപ്പെടുത്തുന്നതിനാണ് ഈ മാറ്റം. പ്രതിപക്ഷ എതിർപ്പ് തള്ളി സർക്കാറിന് ബിൽ എളുപ്പം പാസാക്കാനാകും. പക്ഷെ, തന്റെ അധികാരം കവരുന്ന ബില്ലിൽ ഗവർണർ ഒപ്പിടുമോയെന്നതിൽ സർക്കാരിന് ആശങ്കയുണ്ട്.

Story Highlights: kerala assembly university amendment bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here