പരുക്ക് എങ്ങനെയുണ്ടെന്ന് കോലി; ഒറ്റക്കൈ കൊണ്ട് സിക്സർ അടിക്കണമെന്ന് ഷഹീൻ പന്തിനോട്; ഹൃദ്യമായ വിഡിയോ

ഏത് കായിക ഇനവും മനുഷ്യരെ പരസ്പരം ഒന്നിപ്പിക്കുന്നതാണ്. അതിൻ്റെ ഉദാഹരണങ്ങൾ പലപ്പോഴായി പലയിടങ്ങളിൽ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ രാഷ്ട്രീയ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ചിരവൈരികളായി കണക്കാക്കപ്പെടുന്ന ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് ടീമുകളും സ്പോർട്സ്മാൻ സ്പിരിറ്റിൻ്റെയും പരസ്പര സ്നേഹത്തിൻ്റെയും ഹൃദ്യമായ പരിചയം പുതുക്കൽ നടത്തിയിരിക്കുകയാണ്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. (shaheen afridi india players)
പാകിസ്താൻ്റെ സ്റ്റാർ പേസർ ഷഹീൻ അഫ്രീദിയുമായി ഇന്ത്യൻ താരങ്ങൾ നടത്തുന്ന പരിചയം പുതുക്കലാണ് വൈറലാവുന്നത്. ഷഹീൻ്റെ പരുക്കിനെപ്പറ്റിയാണ് ഇന്ത്യൻ താരങ്ങൾക്ക് അറിയേണ്ടത്. യുസ്‌വേന്ദ്ര ചഹാൽ, വിരാട് കോലി, ഋഷഭ് പന്ത്, കെഎൽ രാഹുൽ എന്നിവരൊക്കെ ഷഹീനോട് പരുക്കിനെപ്പറ്റി അന്വേഷിക്കുന്നുണ്ട്. താങ്കളെപ്പോലെ ഒറ്റക്കൈ കൊണ്ട് സിക്സർ അടിക്കണമെന്നാണ് ആഗ്രഹമെന്ന് ഷഹീൻ പറയുന്നത് ഋഷഭ് ചിരിയോടെയാണ് സ്വീകരിക്കുന്നത്.
Read Also: ഏഷ്യാ കപ്പ്: പരുക്കേറ്റെങ്കിലും പാക് ടീമിനൊപ്പം ദുബായിലെത്തി ഷഹീൻ അഫ്രീദി
പരുക്കേറ്റെങ്കിലും ഏഷ്യാ കപ്പിനുള്ള പാക് ടീമിനൊപ്പം പേസർ ഷഹീൻ അഫ്രീദി ദുബായിലെത്തിയിട്ടുണ്ട്. പരുക്കേറ്റതിനാൽ താരം ഏഷ്യാ കപ്പിൽ കളിക്കുന്നില്ല. എങ്കിലും ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിനു മുന്നോടിയായി ദുബായിലെത്തിയ പാക് ടീമിനൊപ്പം ഷഹീനും ഉൾപ്പെട്ടിട്ടുണ്ട്. ക്യാപ്റ്റൻ ബാബർ അസമിൻ്റെ നിർദ്ദേശപ്രകാരമാണ് ഷഹീൻ ടീമിനൊപ്പം സഞ്ചരിക്കുന്നത്. നാളെയാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. 28നാണ് ഇന്ത്യ-പാകിസ്താൻ മത്സരം.
ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്താനും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. ടൂർണമെൻ്റിൽ പാകിസ്താൻ ആണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28ന് ദുബായിൽ മത്സരം നടക്കും. ക്രിക്കറ്റിൽ നിന്ന് താത്കാലിക ഇടവേള കഴിഞ്ഞെത്തുന്ന കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ഏഷ്യാ കപ്പ്. വിശ്രമത്തിലായിരുന്ന വിരാട് കോലി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഫോമിലല്ലാത്ത കോലിയ്ക്ക് ടി20 ലോകകപ്പിന് മുൻപ് ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്.
Story Highlights: shaheen afridi india players meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here