Ksrtc: കെഎസ്ആര്‍ടിസിയെ സര്‍ക്കാർ ഏറ്റെടുക്കണം, പൊതുഗതാഗതത്തെ സംരക്ഷിക്കണം; സിപിഐ

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഏറ്റെടുത്ത് ജീവനക്കാര്‍ക്ക് തൊഴിലും സാധാരണക്കാര്‍ക്ക് യാത്ര സൗകര്യവും ഉറപ്പുവരുത്തണമെന്ന് സിപിഐ എറണാകുളം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങളുടെ പൊതുയാത്ര സംവിധാനമാണ് കെഎസ്ആര്‍ടിസി. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ജനകീയ പ്രസ്ഥാനം വലിയ പ്രതിസന്ധി നേരിടുകയാണെന്നും സിപിഐ പറഞ്ഞു.
ആയിരക്കണക്കിന് ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ നൂറുകണക്കിന് പേര്‍ക്ക് ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. ടിക്കറ്റ് ഇതിര വരുമാനം ഉള്‍പ്പെടെ 250 കോടിയോളം രൂപ വരുമാനം ഉണ്ടെങ്കിലും ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാത്ത സ്ഥിതിയും വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ കിട്ടാത്ത സാഹചര്യവും നിലനില്‍ക്കുന്നു. ഈ പ്രതിസന്ധിക്ക് കാരണം മാനേജ്‌മെന്റിന്റെ നിരുത്തരവാദത്വ സമീപനമാണെന്ന് ജീവനക്കാരില്‍ ഭൂരിപക്ഷവും കരുതുന്നു. കൊവിഡിന് മുന്‍പ് 42000 ജീവനക്കാരെ വച്ച് 5500 ഷെഡ്യൂള്‍ വരെ ഓപ്പറേറ്റ് ചെയ്തിരുന്നു. 35 ലക്ഷത്തോളം ജനങ്ങള്‍ ഈ യാത്ര സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 3000 സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത് ആയിരക്കണക്കിന് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. അവര്‍ക്ക് ജോലി തിരികെ കിട്ടും എന്നു ഒരു ഉറപ്പും നിലവിലില്ലെന്നും സിപിഐ പറഞ്ഞു.
Read Also: കെഎസ്ആർടിസി ഡ്യൂട്ടി ബഹിഷ്കരിച്ച് സമരം ചെയ്തവരുടെ ശമ്പളം പിടിക്കും
തൊഴിലാളികളെ വിശ്വാസത്തിലെടുക്കാതെ മാനേജ്‌മെന്റ് നടത്തുന്ന ഓരോ പരിഷ്‌കാരങ്ങളും പരാജയപ്പെടുകയാണ്. തൊഴിലാളി വിരുദ്ധമായ നടപടികളില്‍ നിരാശരും പ്രതിഷേധമുള്ളവരുമാണ് ജീവനക്കാര്‍. 12 മണിക്കൂര്‍ സമയം ജോലി ചെയ്യുവാന്‍ ഹാജരാകണം എന്ന് നിര്‍ദേശം ആശങ്കജനകമാണ്. പ്രതിസന്ധിക്ക് ഉത്തരവാദികള്‍ തൊഴിലാളി സംഘടനകളും തൊഴിലാളികളുമാണെന്ന മാനേജ്‌മെന്റിന്റെ സമീപനത്തോട് പൊതു സമൂഹത്തിന് യോജിക്കാന്‍ കഴിയുന്നതല്ല. പൊതു ഗതാഗതത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസിയെ സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ കൊണ്ടുവന്ന ജീവനക്കാര്‍ക്ക് തൊഴിലും ജനങ്ങള്‍ക്ക് യാത്ര സൗകര്യവും ഉറപ്പുവരുത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും സിപിഐ എറണാകുളം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Story Highlights: CPI On KSRTC Crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here