വള്ളംകളിക്ക് അമിത്ഷായെ മാത്രമല്ല ക്ഷണിച്ചത്, ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്; വിശദീകരണവുമായി സർക്കാർ

സെപ്റ്റംബർ നാലിന് പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച തീരുമാനത്തിൽ വിശദീകരണവുമായി സർക്കാർ. അമിത് ഷായെ മാത്രമല്ല ക്ഷണിച്ചതെന്നും ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരെ ഒട്ടാകെ ക്ഷണിച്ചുവെന്നും സർക്കാർ അറിയിച്ചു. സതേൺ സോണൽ കൗൺസിൽ യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കുന്നുണ്ട്. കേരളമാണ് യോഗത്തിന് അധ്യക്ഷത വഹിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.
ഈ മാസം 30 മുതൽ സെപ്റ്റംബർ മൂന്നുവരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൗൺസിൽ യോഗം കോവളത്ത് നടക്കുന്നുണ്ട്. ഇതിൽ അമിത് ഷാ അടക്കം പ്രമുഖർ പങ്കെടുക്കും. യോഗത്തിനെത്തുമ്പോൾ വള്ളംകളിയിലും പങ്കെടുക്കണമെന്നാണ് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരിക്കുന്നത്.
നെഹ്‌റു ട്രോഫി വള്ളംകളിക്ക് അമിത്ഷായെ ക്ഷണിച്ചതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അമിത്ഷായും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് അദ്ദേഹം ആരോപിച്ചു. വള്ളംകളിക്ക് അമിത്ഷായെ വിളിച്ചത് സിപിഐ എം- ബി ജെ പി രഹസ്യബന്ധത്തിന് തെളിവാണ്. അമിത്ഷായെ വിളിക്കാനുള്ള കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും സർക്കാരും സിപിഐ എമ്മും മറുപടി പറയണം.
ലാവലിനോ സ്വർണക്കടത്തോ ആണോ കാരണം എന്ന് വി ഡി സതീശൻ ചോദിച്ചു. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് മോദിയെ ക്ഷണിച്ചതിന് എൻ കെ പ്രേമചന്ദ്രനെ സംഘിയെന്ന് വിളിച്ചു. ഏത് ചെകുത്താനെയും കൂടെക്കൂട്ടി കോൺഗ്രസിനെ തോൽപ്പിക്കുകയാണ് ലക്ഷ്യം. സിപിഐ സമ്മേളനങ്ങളിൽ പ്രതിഷേധങ്ങളിൽ പ്രതീക്ഷയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ലോകായുക്ത നിയമഭേദഗതി ബില്ലിൽ സിപിഐ സന്ധി ചെയ്‌തെന്ന് വി ഡി സതീശൻ ആരോപിച്ചു.
Story Highlights: Governments explanation on nehru trophy boat race
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here