യുപിയില്‍ ട്രാക്ടര്‍ നദിയിലേക്ക് മറിഞ്ഞ് അപകടം; 10ലേറെ പേരെ കാണാനില്ല

ഉത്തര്‍പ്രദേശില്‍ ഇരുപതിലധികം കര്‍ഷകരുമായി ട്രാക്ടര്‍ നദിയിലേക്ക് മറിഞ്ഞു. 13 പേര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും ശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഹര്‍ദോയി ജില്ലയിലാണ് സംഭവം. പാലിയിലെ ഗര്‍ര നദിയ്ക്ക് കുറുകെയുള്ള പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് ട്രാക്ടര്‍ നദിയിലേക്ക് പതിക്കുകയായിരുന്നു.
വാഹനത്തില്‍ നിരവധി ആളുകൾ ഉണ്ടായിരുന്നതായി നീന്തി കരക്കെത്തിയവര്‍ പറഞ്ഞതായും അങ്ങനെയാണെങ്കില്‍ പത്തോളം പേരെ നദിയില്‍ കാണാതായിട്ടുണ്ടെന്നാണ് നിഗമനമെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ കളക്ടര്‍ അവിനാഷ് കുമാര്‍ വ്യക്തമാക്കി.
Read Also: മലപ്പുറത്ത് വാഹനാപകടം; രണ്ട് വിദ്യാർത്ഥികൾ മരിച്ചു
നദിയില്‍ വീണ ട്രാക്ടറെ കണ്ടെത്താനോ നദിയ്ക്ക് പുറത്തെത്തിക്കാനോ ഇതുവരെ സാധിച്ചിട്ടില്ലെന്നും വാഹനം ഉയര്‍ത്താന്‍ ക്രെയിനുകള്‍ തയ്യാറാണെന്നും പൊലീസ് പറഞ്ഞു. പാലങ്ങള്‍ക്കടിയില്‍ വലകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും സംസ്ഥാന ദുരന്ത പ്രതികരണസേനയെ വിവരമറിയിച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.അപകടം അറിഞ്ഞ് രക്ഷാപ്രവർത്തനത്തിനായി പൊലീസിനെ കൂടാതെ നിരവധി ഗ്രാമീണരും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ട കർഷകരുടെ കുടുംബക്കാരും ഇവിടെയെത്തിയിട്ടുണ്ട്.
Story Highlights: Tractor-Trolley With Over 20 Farmers Falls Into River In UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here