കോടിയേരി ബാലകൃഷ്ണനെ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോകും; നേതാക്കൾ എകെജി ഫ്ലാറ്റിലെത്തി കോടിയേരിയെ കണ്ടു

സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോകും. നാളെ ഉച്ചയ്ക്ക് അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടു പോകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ ( Kodiyeri to chennai for treatment .
വിശ്രമത്തിൽ കഴിയുന്ന കോടിയേരിയെ കാണാൻ സിപിഐഎം നേതാക്കൾ എകെജി ഫ്ലാറ്റിലേക്കെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം എം.എ.ബേബി എന്നിവരാണ് കോടിയേരിയെ സന്ദർശിക്കാനെത്തിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അവസാനിച്ച ശേഷമാണ് നേതാക്കൾ കോടിയേരിയുടെ ഫ്ലാറ്റിൽ എത്തിയത്.
അതേസമയം, കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിയും. പകരം സെക്രട്ടറിയെ തീരുമാനിക്കാൻ സംസ്ഥാന സമിതി അൽപ സമയത്തിനകം ചേരും. എം.എ.ബേബി, എം.വിജയരാഘവൻ എന്നിവർ സാധ്യതാ പട്ടികയിലുണ്ട്.
ഇ.പി.ജയരാജനും എ.കെ.ബാലനും പരിഗണനയിലുണ്ട്. എം.വി.ഗോവിന്ദനും സാധ്യതകളേറെയാണ്. എം.വി.ഗോവിന്ദൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയോ എൽഡിഎഫ് കൺവീനറോ ആയെത്തിയാൽ മന്ത്രിസഭയിൽ ഉൾപ്പെടെ വലിയ അഴിച്ചുപണിയുണ്ടായേക്കുമെന്നാണ് സൂചന.
ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന കോടിയേരി ബാലകൃഷ്ണന് പകരം സെക്രട്ടറിയുടെ ചുമതല മറ്റാർക്കെങ്കിലും നൽകണമോ എന്നതിൽ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനം എടുക്കും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗം പ്രകാശ് കാരാട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് രണ്ടു ദിവസങ്ങളിലായി സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചേരുന്നത്. സംസ്ഥാന സർക്കാരിനെ വട്ടം കറക്കുന്ന ഗവർണർക്കെതിരെ സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തിൽ ചർച്ചയാകും.
സംഘടന രാഷ്ട്രീയ കാര്യങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കാനാണ് അടിയന്തര നേതൃയോഗം സിപിഐഎം വിളിച്ചു ചേർത്തിരിക്കുന്നത്. സെക്രട്ടറി സ്ഥാനത്തു നിന്നും മാറാനുള്ള സന്നദ്ധത കോടിയേരി ബാലകൃഷ്ണൻ പാർട്ടിയെ അറിയിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷവും നാളെയുമായി സംസ്ഥാന സമിതി ആയിരിക്കും അന്തിമ തീരുമാനം എടുക്കുക.
Story Highlights: kodiyeri balakrishnan to chennai for treatment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here