Advertisement

പാകിസ്താനിലെ വെള്ളപ്പൊക്കം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

August 29, 2022
Google News 1 minute Read

പാകിസ്താനിലെ പ്രകൃതി ദുരന്തത്തിൽ ഉണ്ടായ മരണത്തിലും നാശനഷ്ടങ്ങളിലും അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അയൽരാജ്യത്തിൻ്റെ അവസ്ഥ അറിയുമ്പോൾ ദുഖമുണ്ട്. രാജ്യം എത്രയും വേഗം സാധാരണ നിലയിൽ തിരിച്ചെത്തട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം പാക്കിസ്താനിലെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,100 ആയി.

“പാകിസ്താനിൽ വെള്ളപ്പൊക്കം ഉണ്ടാക്കിയ നാശം കാണുമ്പോൾ സങ്കടമുണ്ട്. ഈ പ്രകൃതിദുരന്തത്തിൽ ഇരയായവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ഞങ്ങൾ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഉടൻ സാധാരണ നിലയിലേക്ക് രാജ്യം മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു” – പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. പ്രതിസന്ധി നേരിടാൻ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ സഹായം അഭ്യർത്ഥിച്ചു.

പ്രകൃതി ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാന സംഘടനയായ നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി തിങ്കളാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വെള്ളപ്പൊക്കത്തിൽ 1,061 പേർ മരിക്കുകയും, 1,575 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ 3 കോടി 30 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചു. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏഴിലൊന്ന് ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടു എന്നതിൽ നിന്ന് വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി കണക്കാക്കാം.

അതേസമയം പ്രളയത്തിൽ ഇതുവരെ 10 ബില്യൺ യുഎസ് ഡോളറിൻ്റെ നാശനഷ്ടമുണ്ടായതായി ധനമന്ത്രി മിഫ്ത ഇസ്മായിൽ പറഞ്ഞു. ഏകദേശം 9,92,871 വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നതായും ലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണവും ശുദ്ധജലവും ലഭിക്കാത്തതായും അതോറിറ്റി അറിയിച്ചു. ഇതോടൊപ്പം 7.19 ലക്ഷത്തോളം മൃഗങ്ങളും ചത്തൊടുങ്ങുകയും തുടർച്ചയായി പെയ്യുന്ന മഴയിൽ ലക്ഷക്കണക്കിന് ഏക്കർ ഫലഭൂയിഷ്ഠമായ ഭൂമി വെള്ളത്തിനടിയിലാവുകയും ചെയ്തു.

Story Highlights: PM Modi On Floods In Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here