വിവാഹത്തിന് സമ്മാനം വേണ്ട, സ്‌നേഹോപഹാരങ്ങള്‍ അഗതിമന്ദിരങ്ങള്‍ക്ക് കൈമാറണമെന്നാണ് ആഗ്രഹം: ആര്യാ രാജേന്ദ്രന്‍

സെപ്തംബര്‍ നാലിന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവും വിവാഹിതരാകുകയാണ്. വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തന്റെ പ്രീയപ്പെട്ടവരെ അഭിസംബോധന ചെയ്ത് ഫേസ്ബുക്കില്‍ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് മേയര്‍ ആര്യ രാജേന്ദ്രന്‍. കഴിയാവുന്നിടത്തോളം ആളുകളെ നേരില്‍ കണ്ട് ക്ഷണിച്ചിട്ടുണ്ടെങ്കിലും ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ഈ കുറിപ്പ് ക്ഷണമായി സ്വീകരിക്കണമെന്ന ആമുഖത്തോടെയാണ് ആര്യയുടെ കുറിപ്പ്. (arya rajendran fb post on her wedding with sachin dev)
വിവാഹത്തിന് തങ്ങള്‍ യാതൊരുവിധ ഉപഹാരങ്ങളും സ്വീകരിക്കില്ലെന്നും ഇതൊരു അഭ്യര്‍ത്ഥനയായി കണക്കാക്കണമെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. സ്‌നേഹോപഹാരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു. എകെജി സെന്ററില്‍ വച്ച് രാവിലെ 11 മണിക്കാണ് വിവാഹം നടക്കുക.
ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രിയരെ,
2022 സെപ്റ്റംബര്‍ 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളില്‍ വെച്ച് ഞങ്ങള്‍ വിവാഹിതരാവുകയാണ്.
പരമാവധിപേരെ നേരില്‍ ക്ഷണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കില്‍ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തില്‍ സകുടുംബം പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ല. ഇതൊരു അഭ്യര്‍ത്ഥനയായി കാണണം.
അത്തരത്തില്‍ സ്‌നേഹോപഹാരങ്ങള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എല്ലാവരുടെയും സാന്നിദ്ധ്യം കൊണ്ട് വിവാഹ ചടങ്ങ് അനുഗ്രഹീതമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അഭിവാദനങ്ങളോടെ,
ആര്യ , സച്ചിന്‍
Story Highlights: arya rajendran fb post on her wedding with sachin dev
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here