കശ്മീരിനെ വിഭജിച്ച മോദി മികച്ച നേതാവാണെന്ന് പറയുന്ന ഗുലാം നബി ആസാദിന്റെ നിലപാട് കോണ്‍ഗ്രസ് അംഗീകരിക്കില്ല: കെ സി വേണുഗോപാല്‍

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ഗുലാം നബി ആസാദിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സി വേണുഗോപാല്‍. മോദിയെ പ്രശംസിച്ച ഗുലാം നബി ആസാദിന്റെ നിലപാട് കോണ്‍ഗ്രസിന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കശ്മീരിന്റെ പുത്രനാണ് ഗുലാം നബി ആസാദ്. കശ്മീരിനെ വിഭചിച്ച മോദി മികച്ച നേതാവാണെന്ന് പറയുന്ന ഗുലാം നബി ആസാദിന്റെ നിലപാട് അംഗീകരിക്കാവുന്നതല്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഗുലാം നബി ആസാദ് അയച്ച കത്തില്‍ രണ്ട് പേജില്‍ പറയുന്നത് അദ്ദേഹം വഹിച്ച പദവികളെക്കുറിച്ചാണ്. ഇത്രയും പദവികള്‍ വഹിച്ച ഒരാള്‍ പുതുതലമുറയ്ക്ക് വേണ്ടി മാറിക്കൊടുക്കുന്നതിന് എന്തിനാണ് വിമുഖത കാണിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. താന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ കെ സി വേണുഗോപാല്‍ സ്‌കൂളില്‍ പോകുകയായിരുന്നെന്ന് ഗുലാം നബി ആസാദ് ആക്ഷേപിച്ചിരുന്നു. ഈ പരാമര്‍ശത്തിന് മറുപടിയായിട്ടായിരുന്നു കെ സി വേണുഗോപാലിന്റെ പ്രസ്താവന. (k c venugopal replay to gulam nabi azad)
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും കെ സി വേണുഗോപാല്‍ മറുപടി പറഞ്ഞു. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ആര്‍ക്ക് വേണമെങ്കിലും മത്സരിക്കാം. ജനാധിപത്യത്തിന്റെ മനോഹാരിതയാണ് അത്. വോട്ടര്‍ പട്ടിക പൊതുസമൂഹത്തില്‍ പരസ്യപ്പെടുത്താന്‍ കഴിയില്ല. പിസിസികളെ സമീപിച്ചാല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: രാഹുൽ ഗാന്ധിയും ഗുലാം നബി ആസാദും നേർക്കുനേർ; ഇരുവരും റാലി സംഘടിപ്പിക്കുന്നത് ഒരേ ദിവസം
എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്റു കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാരും മത്സരിച്ചേക്കില്ല. പകരം അശോക് ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും.ഗെഹ്ലോട്ടിനോട് മത്സരിക്കാന്‍ സോണിയാ ഗാന്ധി നിര്‍ദേശിച്ചേക്കും. മത്സരമുണ്ടായാല്‍ പ്രിയങ്കാ ഗാന്ധി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം മത്സരം ഒഴിവാക്കാനുള്ള നീക്കങ്ങളുമായി മുതിര്‍ന്ന നേതാവ് കമല്‍നാഥും രംഗത്തുണ്ട്. ജി 23 നേതാക്കളുമായി കമല്‍നാഥ് ചര്‍ച്ചകള്‍ നടത്തി. ആനന്ദ് ശര്‍മ, മനീഷ് തിവാരി, മിലിന്ദ് ദിയോറ എന്നിവരുമായി കമല്‍നാഥ് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കുന്നതില്‍ ചര്‍ച്ച നടത്തി.
Story Highlights: k c venugopal replay to gulam nabi azad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here