വിമാനത്തിൽ പുകവലിച്ച യൂട്യൂബർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

സ്‌പൈസ് ജെറ്റ് വിമാനത്തിൽ സിഗരറ്റ് വലിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലുള്ള യൂട്യൂബർ ബോബി കതാരിയയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ബോബിയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ റെയ്ഡ് നടത്തിയിട്ടും ഇയാളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
വിമാനത്തിൽ പുകവലിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന് ബോബി കതാരിയയ്‌ക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. സ്‌പൈസ് ജെറ്റ് വിമാന കമ്പനിയും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ബോബി കതാരിയയുടെ മൊബൈൽ സ്വിച്ച് ഓഫ് ആണെന്നും, ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡൽഹി പൊലീസ് അറിയിച്ചു.
റോഡിന് നടുവിൽ മേശയിട്ട് വാഹനഗതാഗതം തടസ്സപ്പെടുത്തി മദ്യം കഴിച്ച സംഭവത്തിൽ ഉത്തരാഖണ്ഡ് പൊലീസും ബോബി കതാരിയയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്സൂറി കിമാഡി മാർഗിൽ നടുറോഡിൽ കസേരയും മേശയും ഇട്ട് ഗതാഗതം തടസ്സപ്പെടുത്തുകയും ശേഷം മദ്യപിക്കുന്നതിന്‍റെ ദൃശ്യങ്ങൾ കതാരി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
Story Highlights: Influencer Who Smoked On Plane Still Missing, Cops Issue Look Out Notice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here