Advertisement

‘മാഗ്‌സെസെ അവാര്‍ഡ് നിരസിച്ചത് കൂട്ടായ തീരുമാനം’; അംഗീകരിക്കുന്നുവെന്ന് കെ.കെ ശൈലജ

September 4, 2022
Google News 2 minutes Read
kk shailaja reacts to Magsaysay award rejection

മാഗ്‌സെസെ പുരസ്‌കാരം നിരാകരിച്ചതില്‍ പ്രതികരണവുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. തീരുമാനം പാര്‍ട്ടി കൂട്ടായി എടുത്തതാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കാത്ത ഒരു എന്‍ജിഒയുടെ പുരസ്‌കാരം എന്ന നിലയിലാണ് നിരാകരിച്ചതെന്നും കെ കെ ശൈലജ പറഞ്ഞു.

‘രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതുവരെ ആ ഫൗണ്ടേഷന്‍ അവാര്‍ഡ് കൊടുത്തിട്ടില്ല. നല്‍കുന്നത് വലിയ പുരസ്‌കാരം തന്നെയാണ്. പക്ഷേ ഒരു എന്‍ജിഒ എന്ന നിലയില്‍ അത്തരമൊരു പുരസ്‌കാരം കമ്മ്യൂണിസ്റ്റ്കാരിയെന്ന നിലയില്‍ സ്വീകരിക്കണോ എന്നതാണ് ചര്‍ച്ചയായത്.

മിക്കവാറും ഇത്തരം എന്‍ജിഒകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കുന്നവയല്ല. ഇപ്പോഴെടുത്ത തീരുമാനം പാര്‍ട്ടി കൂട്ടായി എടുത്തതാണ്. അവാര്‍ഡ് കമ്മിറ്റിയോട് നന്ദി അറിയിക്കുകയും ഒരു വ്യക്തി എന്ന നിലയില്‍ മാത്രമായി അത് സ്വീകരിക്കുന്നില്ലെന്നും അറിയിച്ചിട്ടുണ്ട്’. കെ കെ ശൈലജ വ്യക്തമാക്കി.

രമണ്‍ മഗ്സസെ ഫൗണ്ടേഷനെതിരായ രാഷ്ട്രീയ നിലപാടിന്റെ പേരിലാണ് പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് സിപിഐഎം തീരുമാനിച്ചത്. നിപ, കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് കെ.കെ.ശൈലജയെ പുരസ്‌കാരത്തിന് പരിഗണിച്ചത്.

Read Also: മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ച് കെ.കെ ശൈലജ; തീരുമാനം പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന്

പൊതുജനാരോഗ്യ സംവിധാനം ഉറപ്പാക്കുന്നതിലെ പ്രതിബദ്ധതക്കും സേവനത്തിനുമായിരുന്നു കെ.കെ.ശൈലജക്കുള്ള മഗ്സസെ പുരസ്‌കാരം. ജൂലൈയിലാണ് ഏഷ്യയുടെ നോബല്‍ സമ്മാനമായി കണക്കാക്കപ്പെടുന്ന മാഗസസെ അവാര്‍ഡിനു പരിഗണിക്കുന്ന കാര്യം കെ.കെ.ശൈലജയെ ഫൗണ്ടേഷന്‍ അറിയിച്ചത്. ഇ.മെയില്‍ വഴി നടന്ന ആശയവിനിമയം അവര്‍ സിപിഐഎം കേന്ദ്രനേതൃത്വത്തെ അറിയിച്ചു. തുടര്‍ന്നാണ് അവാര്‍ഡ് സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ നേതൃത്വം എത്തിയത്. നിപ, കോവിഡ് പ്രതിരോധം കൂട്ടായ ഇടപെടലിന്റെ ഭാഗമാണെന്നും അതുകൊണ്ട് വ്യക്തിഗതമായി പുരസ്‌കാരം സ്വീകരിക്കാനാവില്ലെന്നും കെ.കെ.ശൈലജ മറുപടി നല്‍കി. പുരസ്‌കാരം നിഷേധിച്ചതിനെക്കുറിച്ച് സിപിഐഎം കേന്ദ്രനേതൃത്വം പ്രതികരിക്കാന്‍ തയാറായിട്ടില്ല.

Read Also: നിപ വീണ്ടും വരാനുള്ള സാധ്യത ആരോഗ്യ വിദഗ്ധര്‍ മുന്‍കൂട്ടി കണ്ടിരുന്നു: മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ

അന്തരിച്ച ഫിലിപ്പൈന്‍സ് ഭരണാധികാരി രമണ്‍ മഗ്സസെയുടെ പേരിലുള്ള അവാര്‍ഡ് സ്വീകരിക്കുന്നതിന് രാഷ്ട്രീയമായ ബുദ്ധിമുട്ടുണ്ടെന്നാണ് സിപിഐഎം കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം. കമ്യൂണിസ്റ്റ് ഗറില്ലകളെ കൂട്ടക്കൊല ചെയ്ത നേതാവായാണ് അദ്ദേഹം ചരിത്രത്തില്‍ അറിയപ്പെടുന്നത്. മാത്രമല്ല തികഞ്ഞ സാമ്രാജ്യത്വ ദാസനുമായിരുന്നു. ഫൗണ്ടേഷനാകട്ടെ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംവിധാനമാണെന്നും സിപിഐഎം ചൂണ്ടിക്കാട്ടുന്നു. പുരസ്‌കാരം സ്വീകരിച്ചിരുന്നെങ്കില്‍ കേരള മോഡല്‍ ആഗോള തലത്തില്‍ വലിയ ചര്‍ച്ചയാകുമായിരുന്നുവെന്നാണ് സിപിഐഎം നിലപാടിനെ വിമര്‍ശിക്കുന്നവരുടെ പക്ഷം. മാത്രമല്ല പുരസ്‌കാരം നേടുന്ന ആദ്യ മലയാളി വനിതയായി കെ.കെ.ശൈലജ മാറുമായിരുന്നു.

Story Highlights: kk shailaja reacts to Magsaysay award rejection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here