‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’

സംസ്ഥാനത്തെ എല്ലാ തെരുവിലും സംഘടിത ശക്തിയായി നായ്ക്കള്‍ മനുഷ്യന് ഭീഷണി ഉയര്‍ത്തുകയാണ്. കടിച്ചുകീറാനുള്ള ശൗര്യത്തോടെ റോഡിലും ജംഗ്ഷനുകളിലും നായകൾ അലയുന്നു. കെട്ടകാലത്തിന് ശേഷം ജനം നേരിടുന്ന ഏറ്റുവും വലിയ വെല്ലുവിളിയാണ് തെരുവ് നായ ശല്യം. തെരുവ് നായ ആക്രമണത്തിന്റെ വാർത്തകൾ ഇന്ന് എല്ലാ ദിവസത്തെയും പത്രത്താളുകളിൽ ഇടം തേടുന്നു. ഈ സാഹചര്യത്തില്‍ ‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’ എന്ന പേരില്‍ കാമ്പയിനുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി.
മൃഗസംരക്ഷണ വകുപ്പ് നടത്തിയ പഠനപ്രകാരം കേരളത്തിലെ തെരുവ് നായകളുടെ എണ്ണം രണ്ടരലക്ഷത്തിലധികമായി. ആറ് വർഷത്തിനിടെ നാൽപ്പത്തിനാല് പേർ തെരുവ്നായകളുടെ കടിയേറ്റു മരിച്ചിട്ടുണ്ട്. ഈ വർഷം മാത്രം ഇരുപത് മരണം ഉണ്ടായെന്നത് സ്ഥിതി ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ്. പേവിഷബാധയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് പുതുതായി കാമ്പയിന്‍ ആരംഭിക്കുന്നത്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. സ്‌കൂള്‍ കുട്ടികള്‍ക്കും ബോധവത്ക്കരണം നടത്തും. എല്ലാവരും പേവിഷബാധയ്‌ക്കെതിരായ പ്രതിരോധം അറിഞ്ഞിരിക്കണമെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
· മൃഗങ്ങള്‍ കടിച്ചാല്‍ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്
· പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രധാന്യം
· കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക
· എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്‌സിനെടുക്കുക
· മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്‌സിനും (ഐ.ഡി.ആര്‍.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്.
· കൃത്യമായ ഇടവേളയില്‍ വാക്‌സിന്‍ എടുത്തെന്ന് ഉറപ്പ് വരുത്തണം
· കടിയേറ്റ ദിവസവും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്‌സിന്‍ എടുക്കണം
· വാക്‌സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടുക
· വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പ് വരുത്തുക
· മത്സ്യം, മാംസം തുടങ്ങിയ ആഹാരാവശിഷ്ടങ്ങള്‍ പൊതു സ്ഥലങ്ങളില്‍ വലിച്ചെറിയരുത്
· പേവിഷബാധയ്ക്ക് നിലവിലുള്ള ഏറ്റവും വലിയ പ്രതിരോധമാണ് പ്രഥമ ശുശ്രൂഷയും വാക്‌സിനേഷനും. അതിനാല്‍ അവഗണിക്കരുത്.
Story Highlights: Let’s protect our dear once: Beware of rabies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here