കാനഡ കൂട്ടകൊലപാതകം; ഒരു പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

കാനഡയില്‍ രണ്ട് സഹോദരങ്ങൾ നടത്തിയ കത്തിക്കുത്ത് ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ട 18 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ജെയിംസ് സ്മിത്ത് ക്രീ നേഷനിലെ ഒരു വീടിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ നിന്നാണ് ഡാമിയൻ സാൻഡേഴ്സന്റെ മൃതദേഹം കണ്ടെത്തിയത്.
ശരീരത്തിൽ പരുക്കുകൾ ഉണ്ടെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് അറിയിച്ചു. മരണകാരണം സസ്കാച്ചെവൻ കൊറോണർ ഓഫീസ് പരിശോധിച്ച ശേഷം നിർണ്ണയിക്കും. മരിച്ച ഡാമിയൻ സാൻഡേഴ്സന്റെ സഹോദരനും രണ്ടാം പ്രതിയുമായ മൈൽസ് സാൻഡേഴ്സൺ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടാകാം എന്നാണ് പൊലീസ് വിലയിരുത്തൽ.
പ്രതി വൈദ്യസഹായം തേടാനിടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും, ഇയാൾ അപകടകാരിയാണെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ഞായറാഴ്ചയാണ് സസ്ക്വാചാൻ പ്രവിശ്യയിൽ ആക്രമണമുണ്ടായത്. 13 ഇടങ്ങളിലായുണ്ടായ ആക്രമണങ്ങളിൽ 18 ഓളം പേർക്കാണ് പരുക്കേറ്റത്. ഭീതിപ്പെടുത്തുന്നതും ഹൃദയഭേദകവുമായ അക്രമമാണ് നടന്നതെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു.
Story Highlights: One Suspect In Canada Mass Stabbings Found Dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here