എകെജി സെന്റർ ആക്രമണം; ഭാവനക്ക് അനുസരിച്ചുള്ള തിരക്കഥയാണ് സൃഷ്ടിക്കുന്നതെന്ന് ഷാഫി പറമ്പിൽ

സിപിഐഎം ആസ്ഥാനമായ എകെജി സെന്റർ ആക്രമണത്തിൽ പൊലീസ് കേസന്വേഷണം നടത്തേണ്ടത് തെളിവുകളുടെ അടിസ്ഥാനത്തിൽ ആകണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. ഭാവനക്ക് അനുസരിച്ചുള്ള തിരക്കഥയാണ് ഇപ്പോൾ സൃഷ്ടിക്കുന്നത്. അത് ജനങ്ങൾക്ക് മനസിലാകുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആയിരുന്നെങ്കിൽ പ്രതികൾ എന്നേ പിടിയിൽ ആകുമായിരുന്നുവെന്നും ഷാഫി പറഞ്ഞു ( shafi parambil against the police ).
അതേസമയം, യൂത്ത് കോൺഗ്രസിനെതിരായ ആരോപണം സിപിഎമ്മിന്റെ ജൽപ്പനം മാത്രമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രതികരിച്ചു. ഭാരത് ജോഡോ യാത്രയിൽ വിറളി പിടിച്ചവരുടെ ജല്പനങ്ങളായി കണ്ടു തള്ളികളയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടയിലായിരുന്നു കെ.സി.വേണുഗോപാലിന്റെ പ്രതികരണം.
സ്ഫോടകവസ്തു എറിഞ്ഞ കേസിൽ പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായി പ്രചാരണങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസ് പ്രതികരണമെന്നതും ശ്രദ്ധേയം. സിപിഎഐമ്മുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് ഈ പ്രചാരണം നടത്തുന്നതെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കാൻ തയാറായിട്ടില്ല. കഴക്കൂട്ടം, മേനംകുളം സ്വദേശികളായ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷിക്കുന്നുവെന്നാണ് സിപിഐഎം പ്രാദേശിക നേതാക്കൾ ഇന്നലെ പുറത്തുവിട്ട വിവരം.
എകെജി സെന്റർ ആക്രമണത്തിൽ യൂത്ത് കോൺഗ്രസിന് ബന്ധമുണ്ടെന്ന് ഡിവൈഎഫ്ഐയും ആരോപിച്ചു. കൃത്യമായ ആസൂത്രണം ഇതിനു പിന്നിൽ നടന്നിട്ടുണ്ട്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു. പൊലീസ് അന്വേഷണം ശക്തമായി നടക്കുന്നുണ്ട്. പൊലീസ് തന്നെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും സനോജ് പറഞ്ഞു.
കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള ശ്രമം ഒരു ഭാഗത്ത് നടന്നുവരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കലാപാഹ്വാനവും ആസൂത്രണവും നടന്നു. അതിന്റെ ഭാഗമാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലുണ്ടായ ആക്രമണം. ജനാധിപത്യപരമായ പ്രതിഷേധങ്ങളോട് ഡിവൈഎഫ്ഐക്ക് എതിർപ്പില്ല. പക്ഷേ മുഖ്യമന്ത്രിയെ അപായപ്പെടുത്തിയുള്ള പ്രതിഷേധത്തിൽ ശരികേടുണ്ട്. എന്നിട്ടും വേണ്ടത്ര പ്രകോപനമുണ്ടായില്ലെന്ന് കരുതിയാണ് പാർട്ടിഓഫിസുകൾ ആക്രമിക്കുകയും എകെജി സെന്ററിലേക്ക് ബോംബ് എറിയുകയുമുണ്ടായതെന്നും സനോജ് ആരോപിച്ചു.
Story Highlights: AKG Center Attack; shafi parambil against the police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here