ലോ ഫ്ലോർ ബസുകൾ വാങ്ങിയതിൽ എഎപി അഴിമതി നടത്തിയോ? അന്വേഷണത്തിനായി സിബിഐക്ക് പരാതി

എക്സൈസ് നയത്തിന് പിന്നാലെ ഡൽഹിയിലെ ആം ആദ്മി സർക്കാർ വീണ്ടും സിബിഐ അന്വേഷണം നേരിടേണ്ടി വന്നേക്കും. ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ 1000 ലോ ഫ്ലോർ ബസുകൾ വാങ്ങിയതിലെ അഴിമതി അന്വേഷിക്കാൻ സിബിഐക്ക് പരാതി അയക്കാനുള്ള നിർദേശം ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന അംഗീകരിച്ചു.
ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസുകൾ വാങ്ങിയതിൽ അഴിമതി നടന്നതായി ഈ വർഷം ജൂണിൽ ലഫ്റ്റനന്റ് ഗവർണർക്ക് അയച്ച പരാതിയിൽ പറഞ്ഞിരുന്നു. ടെൻഡറിങ്ങിനും വാങ്ങുന്നതിനുമായി രൂപീകരിച്ച സമിതിയുടെ ചെയർമാനായി ഗതാഗത മന്ത്രിയെ നിയമിക്കുന്നത് മുൻകൂട്ടി തീരുമാനിച്ചതാണ്. ബിഡ് മാനേജ്‌മെന്റ് കൺസൾട്ടന്റായി ഡിഐഎംടിഎസിനെ നിയമിച്ചത് തെറ്റായ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും പരാതിയിൽ ആരോപിക്കുന്നു.
1000 ലോ ഫ്ലോർ ബിഎസ്-IV, ബിഎസ്-VI ബസുകൾ വാങ്ങുന്നതിനും പരിപാലിക്കുന്നതിനുമുള്ള കരാറിലെ ക്രമക്കേടുകൾ പരാതിയിൽ അടങ്ങിയിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. BS-IV സംഭരണത്തിനുള്ള കരാർ 2019 ജൂലൈയിലും BS-VI 2020 മാർച്ചിലും നടന്നു. ഡൽഹി സർക്കാരിന്റെ വകുപ്പുകളിൽ നിന്ന് അഭിപ്രായം തേടാൻ ജൂലൈ 22ന് ചീഫ് സെക്രട്ടറിക്ക് പരാതി അയച്ചിരുന്നു. ഓഗസ്റ്റ് 19 ന് ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ ചില ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് ലഫ്.ഗവർണർ പരാതി സിബിഐക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ സിബിഐ പ്രാഥമിക അന്വേഷണം നടത്തിവരികയാണെന്നും വൃത്തങ്ങൾ അറിയിച്ചു.
Story Highlights: CBI to probe Delhi government for ‘irregularities’ in purchase of 1,000 low-floor buses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here