Advertisement

വെള്ളത്തിന് തീ പിടിക്കും; കെട്ടുകഥയല്ല ശാസ്ത്രത്തെ അത്ഭുതപ്പെടുത്തിയ സത്യം

September 12, 2022
Google News 1 minute Read
Firewater Windsor Mineral Spring

വൈവിധ്യമാർന്ന മുഖഭാവങ്ങൾ വിരിച്ച് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഒരു കരീബിയൻ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ജമൈക്ക. വെള്ള മണൽ നിറഞ്ഞ ബീച്ചുകളും, ഈന്തപ്പനകളും, സമൃദ്ധമായ മഴക്കാടുകളും ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന പർവത ശിഖരങ്ങളും മനം മയക്കുന്ന വെള്ളച്ചാട്ടങ്ങളുമെല്ലാം ചേർന്ന് അതിമനോഹരമാണ് ജമൈക്ക. സാഹസികത ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് വേണ്ടാതെല്ലും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓഫ് റോഡ് യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും മികച്ച ഇടങ്ങളിൽ ഒന്നാണിത്.

ജമൈക്ക ഒരുക്കി വച്ചിരിക്കുന്ന മറ്റൊരു അത്ഭുതമാണ് വിൻഡ്‌സർ മിനറൽ സ്പ്രിങ് എന്ന് പേരുള്ള കുളം. സെന്റ് ആൻഡ് ബേയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ കുളത്തിലെ വെള്ളത്തിന് ഒരു പ്രത്യേകതയുണ്ട്, തീ പിടിക്കുന്ന വെള്ളമാണ് ഇവിടെയുള്ളത്! ജലത്തിലെ ഉയർന്ന അളവിലുള്ള കത്തുന്ന പ്രകൃതിവാതകങ്ങൾ ആണ് ഈ അദ്ഭുത പ്രതിഭാസത്തിനു കാരണം. ഈ കാഴ്ച നിരവധി സന്ദർശകരെ ആകർഷിക്കുന്നു.

ഔഷധ ഗുണമുള്ള വെള്ളം

ഓഫ് റോഡ് യാത്ര ചെയ്താണ് ഈ കുളത്തിലേക്ക് എത്തുന്നത്. ഇവിടേക്കുള്ള വഴികാട്ടാനായി നിരവധി ഗൈഡുകൾ ജമൈക്കയിലുണ്ട്. കുളത്തിന് മുകളിൽ കുമിളകൾ പൊങ്ങി വരുന്നത് എപ്പോഴും കാണാൻ സാധിക്കും. ഇടയ്ക്ക് വെള്ളത്തിന്‌ മുകളിൽ തീ കത്തുന്നതും കാണാം. വെള്ളത്തിന്‌ തീ പിടിച്ച പോലെയാണ് ഈ കാഴ്ച അനുഭവപ്പെടുക.

Read Also:വാക്‌സിൻ സ്വീകരിച്ച വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ച് സൗദി

ഈ കാഴ്ച കാണാൻ മാത്രമല്ല വെള്ളത്തിൽ ഇറങ്ങാനും സഞ്ചാരികൾക്ക് അനുവാദമുണ്ട്. ധാതുക്കളുടെ ഉയർന്ന സാന്ദ്രതയുള്ളതിനാൽ ഈ വെള്ളത്തിന് രോഗശാന്തിക്കുള്ള കഴിവുണ്ടെന്ന് കുറെ പേർ വിശ്വസിക്കുന്നു. സഞ്ചാരികൾക്ക് വേണമെങ്കിൽ ഈ വെള്ളത്തിൽ മസ്സാജ് ചെയ്യാം. ഇതിനായി ആളുകൾ വെള്ളത്തിലിറങ്ങി കിടക്കും. തടാകത്തിലെ വെള്ളത്തിൽ മുക്കിയ തുണി കൊണ്ട് ഇവരെ ഉഴിയുകയാണ് ചെയ്യുന്നത്. ഇതിനു പ്രത്യേകം ചാർജ് നൽകണം.

വെള്ളത്തിലെ പ്രേതം

ഒരു പ്രേത കഥയും ഈ അത്ഭുത കുളത്തെ ചുറ്റിപ്പറ്റി നിലനിൽക്കുന്നുണ്ട്. നൂറ്റാണ്ടുകളായി, അടുത്തുള്ള തോട്ടങ്ങളിൽ നിന്നും മറ്റുമുള്ള ജോലിക്കാർ കുളിക്കാനുള്ള സ്ഥലമായി ഈ തടാകം ഉപയോഗിക്കുന്നു. 80 വർഷങ്ങൾക്ക് മുമ്പ് മെഹാല സ്മിത്ത് എന്നൊരു സ്ത്രീയാണ് കുളത്തിലെ വെള്ളത്തിൻറെ പ്രത്യേകത ആദ്യമായി തിരിച്ചറിഞ്ഞത്. അവർ കുളിക്കാനിറങ്ങിയപ്പോൾ ചുറ്റുമുള്ള മരത്തിൽ നിന്നും കടന്നലുകൾ കുത്താൻ വന്നു. അവർ ഒരു തീ പന്തം ഉപയോഗിച്ച് കടന്നൽകൂട് നശിപ്പിക്കാൻ ശ്രമിച്ചു. അപ്പോൾ ആ പന്തം താഴെ വീണു. പന്തം കുളത്തിലേക്കാണ് വീണത്. മണ്ണെണ്ണയിൽ തീ വീണെന്ന പോലെ കത്താൻ തുടങ്ങി. വെള്ളത്തിൽ പ്രേതമുണ്ടെന്ന് ആർത്തുവിളിച്ചു കൊണ്ട് അവർ വീട്ടിലേക്ക് ഓടിപ്പോയി. പിന്നീട് വെള്ളത്തിൻറെ പ്രത്യേകത കൂടുതൽ ആളുകൾ അറിയുകയും കാലക്രമേണ ഇവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറുകയും ചെയ്തു.

മറ്റ് ആകർഷണങ്ങൾ

അത്ഭുത കുളത്തിനടുത്ത് തന്നെ സഞ്ചാരികൾക്ക് ആസ്വദിക്കാൻ നിരവധി കാഴ്ചകളുണ്ട്. മൂന്നര മണിക്കൂർ നീളുന്ന ഡൺസ് റിവർ ഫാൾസ് പാർട്ടി ക്രൂയിസ് യാത്രയും ശാന്തസുന്ദരമായ ബ്ലൂ ഹോൾ വെള്ളച്ചാട്ടവും പൂന്തോട്ടവും വെള്ളച്ചാട്ടവും ഒന്നുചേരുന്ന ടർട്ടിൽ റിവർ ഫാൾസുമെല്ലാം ഇവിടെ സഞ്ചാരികളുടെ മനംമയക്കുന്ന മറ്റു കാഴ്ചകളാണ്.

Story Highlights: Firewater Windsor Mineral Spring in Jamaica

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here