ഷാങ്ഹായ് ഉച്ചകോടി: നരേന്ദ്രമോദി ഉസ്‌ബെക്കിസ്താനില്‍

ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്‌സിഒ) ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പങ്കെടുക്കും. ഉസ്‌ബെക്കിസ്താനിലെ സമര്‍ക്കന്തില്‍ നടക്കുന്ന രണ്ടുദിവസത്തെ ഉച്ചകോടിക്ക് ഇന്നലെയാണ് തുടക്കമായത്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഇറാന്‍, ഉസ്‌ബെക്ക് പ്രസിഡന്റുമാരുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. (PM Modi In Uzbekistan For Regional SCO Summit)
വ്യാപാര, സാമ്പത്തിക, സാംസ്‌കാരിക വിഷയങ്ങളും കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയാകുമെന്ന് പ്രധാനമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. എസ്‌സിഒയുടെ 22-ാമത് യോഗമാണ് നടന്നുവരുന്നത്. സംഘടനയുടെ അധ്യക്ഷനായ ഉസ്‌ബെക്കിസ്താന്‍ പ്രസിഡന്റ് ഷവ്കത് മിര്‍സിയോയേവിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിക്കെത്തിയത്.
ഏഷ്യാ പസഫിക് മേഖലയിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം സാമ്പത്തിക സഹകരണം വളര്‍ത്തുന്നതുള്‍പ്പെടെ ഇന്ത്യയുമായി ചര്‍ച്ച ചെയ്യുമെന്നാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള വാണിജ്യബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടതായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ സഹായിയായ യൂറി ഉഷാക്കോവ് വിലയിരുത്തിയിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരത്തിലൂടെ റഷ്യയുടെ വിറ്റുവരവ് 120 ശതമാനം വര്‍ധിച്ചെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. റഷ്യയില്‍ നിന്നുള്ള എണ്ണ, കല്‍ക്കരി, രാസവളം എന്നിവയുടെ ഇറക്കുമതിയിലാണ് വന്‍ വര്‍ധന രേഖപ്പെടുത്തിയത്. ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
Story Highlights: PM Modi In Uzbekistan For Regional SCO Summit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here