ഷെയിൻ ബോണ്ട്, പാർത്ഥിവ് പട്ടേൽ, വിനയ് കുമാർ; പരിശീലക സംഘത്തെ പ്രഖ്യാപിച്ച് എംഐ എമിറേറ്റ്സ്

യുഎഇ ടി-20 ലീഗിൽ കളിക്കുന്ന എംഐ എമിറേറ്റ്സിൻ്റെ പരിശീലക സംഘത്തെ പ്രഖ്യാപിച്ച് ഫ്രാഞ്ചൈസി. ന്യൂസീലൻഡിൻ്റെ മുൻ പേസർ ഷെയിൻ ബോണ്ട് ആണ് മുഖ്യ പരിശീലകൻ. ഇന്ത്യയുടെ മുൻ താരങ്ങളായ പാർത്ഥിവ് പട്ടേൽ, വിനയ് കുമാർ എന്നിവർ യഥാക്രമം ബാറ്റിംഗ്, ബൗളിംഗ് പരിശീലകരാവും. ന്യൂസീലൻഡിൻ്റെ മുൻ ഓൾറൗണ്ടർ ജെയിംസ് ഫ്രാങ്ക്ളിൻ ഫീൽഡിംഗ് പരിശീലകനാവും. ഇന്ത്യയുടെ മുൻ താരം റോബിൻ സിംഗ് ആണ് ജനറൽ മാനേജർ.
മുൻപ് വിവിധ റോളുകളിൽ മുംബൈ ഇന്ത്യൻസിനൊപ്പം സഹകരിച്ച താരങ്ങളെയാണ് എംഐ എമിറേറ്റ്സ് പരിശീലക സംഘത്തിൽ പരിഗണിച്ചിരിക്കുന്നത്. 2015ൽ മുംബൈ ഇന്ത്യൻസ് ബൗളിംഗ് പരിശീലകനായിരുന്ന ഷെയിൻ ബോണ്ട് 2018ൽ ബിഗ് ബാഷ് ടീം സിഡ്നി തണ്ടറിൻ്റെ മുഖ്യ പരിശീലകനായിരുന്നു. 2015 മുതൽ 17 വരെ പാർത്ഥിവ് പട്ടേൽ മുംബൈ ഇന്ത്യൻസിൽ കളിച്ചിട്ടുണ്ട്. ഇക്കാലയളവിൽ വിനയ് കുമാറും മുംബൈ ഇന്ത്യൻസിൽ കളിച്ചു. ഇരുവരും മുംബൈ ഇന്ത്യൻസിൻ്റെ ടാലൻ്റ് സ്കൗട്ടിംഗ് സംഘത്തിലും അംഗമായിരുന്നു. 2011-12 കാലയളവിൽ ജെയിംസ് ഫ്രാങ്ക്ളിനും മുംബൈയിൽ കളിച്ചിട്ടുണ്ട്. 2009ൽ ബാറ്റിംഗ് പരിശീലകനായി മുംബൈയിലെത്തിയ റോബിൻ സിംഗ് 2010 മുതൽ 13 വരെ മുഖ്യ പരിശീലകനായി. വീണ്ടും മുംബൈ ഇന്ത്യൻസ് പരിശീലക സംഘത്തിൽ റോബിൻ സിംഗ് ഉൾപ്പെട്ടിരുന്നു.
Story Highlights: mi emirates coaching panel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here