ലിഫ്റ്റ് വാതിലുകളുടെ ഇടയിൽ കുടുങ്ങിയ അധ്യാപികയ്ക്ക് ദാരുണാന്ത്യം

സ്വകാര്യ സ്‌കൂൾ കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന ലിഫ്റ്റിനുള്ളിൽ കുടുങ്ങി യുവ അധ്യാപിക മരിച്ചു. മുംബൈയിലെ മലാഡ് വെസ്റ്റ് ഏരിയയിൽ നിന്നാണ് വേദനാജനകമായ അപകടമുണ്ടായത്. 26 കാരിയായ അധ്യാപിക ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് പോകുമ്പോഴാണ് സംഭവം. ലിഫ്റ്റ് വാതിലുകളുടെ ഇടയിൽ കുടുങ്ങിയ ജിനാൽ ഫെർണാണ്ടസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നോർത്ത് മുംബൈയിലെ പ്രാന്തപ്രദേശമായ മലാഡിലെ ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്‌കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടം നടന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ക്ലാസ് വിട്ട് സ്റ്റാഫ് റൂമിലേക്ക് പോവുകയായിരുന്ന ടീച്ചർ ആറാം നിലയിലെ ലിഫ്റ്റിൽ കയറി. അധ്യാപിക കയറുന്നതിന് മുമ്പ് തന്നെ ലിഫ്റ്റ് മുകളിലേക്ക് ഉയരാൻ തുടങ്ങി.
ഇത് ഭയന്ന് അധ്യാപിക പുറത്തേക്ക് ഓടിയെങ്കിലും, ജിനാലിന്റെ ഒരു കാൽ ലിഫ്റ്റിൽ കുടുങ്ങുകയും ലിഫ്റ്റ് മുകളിലേക്ക് ഉയരുകയും ചെയ്തു. ജിനാലിന്റെ ശരീരം പുറത്തേക്ക് തൂങ്ങിക്കിടന്നു. ഇതിനിടെ ലിഫ്റ്റ് വാതിൽ അടഞ്ഞു. തല ഇതിനിടെയിൽ കുടുങ്ങി. അധ്യാപികയുടെ നിലവിളി കേട്ട് അവിടെയുണ്ടായിരുന്ന മറ്റ് ജീവനക്കാർ ഓടിയെത്തി പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ സംഭവം ഫയർഫോഴ്‌സിലും പൊലീസിലും അറിയിച്ചു.
അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി അധ്യാപികയെ ലിഫ്റ്റിൽ നിന്ന് പുറത്തെടുത്തു. എന്നാൽ അപ്പോഴേക്കും ടീച്ചർ മരിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി മലാഡ് പൊലീസ് അറിയിച്ചു. സ്‌കൂൾ ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്ന കമ്പനിയുടെയും മൊഴി പൊലീസ് രേഖപെടുത്തിയിട്ടുണ്ട്. ജൂണിലാണ് അധ്യാപിക സ്‌കൂളിൽ അസിസ്റ്റന്റ് ടീച്ചറായി ജോലിയിൽ പ്രവേശിച്ചത്.
Story Highlights: Mumbai Teacher Gets Stuck Between Moving Lift Doors At School
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here