‘പ്രവാചക വചനത്തെ വളച്ചൊടിച്ചു’; പോപ്പുലർ ഫ്രണ്ടിൻ്റെ റാലിയിലെ വിവാദ പ്രസംഗത്തിൽ വിമർശനവുമായി മുസ്ലിം സംഘടനകൾ

പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിലെ വിവാദ പ്രസംഗത്തിനെതിരെ വിമർശനവുമായി മുസ്ലിം സംഘടനകൾ രംഗത്ത്. ശത്രുക്കൾക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിക്കണമെന്ന രീതിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് അഫ്സൽ ഖാസിമി നടത്തിയ പ്രസംഗം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സമസ്ത നേതാക്കൾ കുറ്റപ്പെടുത്തി.
Read Also: പാലക്കാട് ആർഎസ്എസ് നേതാവിൻ്റെ കൊലപാതകം; അന്വേഷണം പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിലേക്കും
പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് കോഴിക്കോട് നടന്ന ജനമഹാസമ്മേളനത്തിൽ ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഫ്‌സൽ ഖാസിമി നടത്തിയ പ്രസംഗമാണ് വിമർശനത്തിനിടയാക്കിയത്. ഇസ്ലാം മത വിശ്വാസികൾക്കെതിരെ നിരന്തരം ആക്രമണം നടത്തുന്ന സംഘപരിവാറിനെ ശക്തമായി പ്രതിരോധിക്കണമെന്നും വേണ്ടിവന്നാൽ രക്തസാക്ഷിത്വം വരിക്കണമെന്നുമായിരുന്നു അഫ്സൽ ഖാസിമിയുടെ പ്രസംഗം.
എന്നാൽ ഹദീസിനെ വളച്ചൊടിച്ച് അവതരിപ്പിച്ച് ഇസ്ലാം മത വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തിയാണിതെന്ന വിമർശനവുമായി ഇരു വിഭാഗം സമസ്ത നേതാക്കളും രംഗത്തെത്തി. പ്രവാചകചരിത്രം പറയുമ്പോൾ യഥാർത്ഥ വശമാണ് ഉദ്ധരിക്കേണ്ടത്. ഭാഗികമായോ വളച്ചൊടിച്ചോ പറയുമ്പോൾ അതുകൊണ്ട് ഉണ്ടാകുന്ന അപകടങ്ങൾ മനസിലാക്കണമെന്ന് ഇകെ സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.
സംഘടന വളർത്താൻ വേണ്ടി ചിലർ ഹദീസ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്ന് എപി സമസ്ത നേതാവ് പേരോട് അബ്ദു റഹ്മാൻ സഖാഫിയും പറഞ്ഞു.
ഹദീസിലെ ആശയത്തെ അഫ്സൽ ഖാസിമി വളച്ചൊടിക്കുകയാണ് ചെയ്തതെന്ന് എസ് വൈ എസ് നേതാവ് നാസർ ഫൈസി കൂടത്തായി ആരോപിച്ചു. പ്രവാചക ചരിത്രം മുഴുവൻ പറയാതെ അണികളിൽ പൊട്ടിത്തെറി ഉണ്ടാക്കാനുള്ള ശ്രമമാണ് പോപ്പുലർ ഫ്രണ്ടിൻറേതെന്നായിരുന്നു എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂരിൻറെ വിമർശനം.
Story Highlights: popular front speech controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here