ഭാരത് ജോഡോ യാത്രയുടെ ബാനറിൽ സവർക്കറിന്റെ ഫോട്ടോ; നടപടിയുമായി കോൺഗ്രസ് നേതൃത്വം

ആർ.എസ്.എസ് നേതാവ് സവർക്കറിന്റെ ഫോട്ടോ ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബാനറിൽ ഇടം പിടിച്ച സംഭവത്തിൽ നടപടിയുമായി കോൺഗ്രസ് നേതൃത്വം. സംഭവവുമായി ബന്ധപ്പെട്ട് ഐ എൻ ടി യു സി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ സസ്പെൻഡ് ചെയ്തു. കോൺഗ്രസ് നേതാവും ആലുവ എം.എൽ.എയുമായ അൻവർ സാദത്തിന്റെ സ്വന്തം പഞ്ചായത്തായ ചെങ്ങമനാട്ടിലെ അത്താണി എന്ന പ്രദേശത്താണ് സംഭവം നടന്നത്. കോൺഗ്രസിന്റെ നിലവിലെ ബ്ലോക്ക് മെമ്പറും, മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ദിലീപ് കപ്രശ്ശേരിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച കൂറ്റൻ ബാനറിലാണ് ആർ.എസ്.എസ് സ്ഥാപക നേതാവ് സവർക്കറും ഇടം പിടിച്ചത്. ( Savarkar on banner of Bharat Jodo Yatra; Congress with action ).
സംഘ പരിവാർ നേതാവിന്റെ ചിത്രം വിവാദമായതോടെ ഗാന്ധിയുടെ ചിത്രം വച്ച് സവർക്കറിനെ മറച്ചു. സംഭവം മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെ കോൺഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ
ജോഡോ യാത്ര എറണാകുളം ജില്ലയിൽ പ്രവേശിച്ച ദിവസം കോൺഗ്രസ് മണ്ഡലം പ്രസിഡന്റടക്കമുള്ളവർ ബി.ജെ.പിയിൽ ചേർന്നതും കോൺഗ്രസിന് തിരിച്ചടിയായി.
Read Also: ഭാരത് ജോഡോ യാത്ര; എറണാകുളം ജില്ലയിയിലെ ആദ്യഘട്ട പര്യടനം ഇടപ്പള്ളിയിൽ സമാപിച്ചു
അതിനിടെ, പാർട്ടി നിർദേശിച്ചാൽ കോൺഗ്രസ് അധ്യക്ഷനാകാൻ തയ്യാറെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അറിയിച്ചു. തന്റെ വ്യക്തിപരമായ ആഗ്രഹം രാഹുൽ ഗാന്ധി അധ്യക്ഷൻ ആകണം എന്നതാണ്. അധ്യക്ഷനായി രാഹുൽ ഭാരത് ജോഡോ യാത്ര നയിച്ചാൽ പ്രഭാവമേറും.
ഗാന്ധി കുടുംബത്തിന് തന്നിൽ വിശ്വാസമുണ്ട്. മുഖ്യമന്ത്രിയാകുമോ കോൺഗ്രസ് പ്രസിഡൻറാവുമോ എന്ന ചോദ്യത്തിന് കാലം തെളിയിക്കും എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി. എന്നാൽ രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷനാകണമെന്നാണ് പ്രവർത്തകരുടെ വികാരമെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ചർച്ചകൾ ഊർജിതമാകവെ ശശി തരൂർ വോട്ടർപട്ടിക പരിശോധിക്കാൻ എ.ഐ.സി.സി. ആസ്ഥാനത്തെത്തിയിട്ടുണ്ട്.
Story Highlights: Savarkar on banner of Bharat Jodo Yatra; Congress with action
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here