Advertisement

മഹ്‌സ അമിനിയുടെ മരണം: ഇറാനില്‍ പ്രതിഷേധം തുടരുന്നു; എട്ട് പേര്‍ കൊല്ലപ്പെട്ടു

September 22, 2022
Google News 2 minutes Read
Eight people were killed Protests continue in Iran

ഹിജാബ് ധരിക്കാത്തതിന് മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ പ്രതിഷേധം ആളിക്കത്തുന്നു. മുടി മുറിച്ചും പരസ്യമായി ഹിജാബ് കത്തിച്ചുമുള്ള പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇറാനിയന്‍ സ്ത്രീകളാണ്. പ്രതിഷേധിക്കുന്നതിന്റെ നൂറുകണക്കിന് വിഡിയോകള്‍ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. രാജ്യത്തെ ‘മതപൊലീസിനെതിരെ’ ഇറാനിലുടനീളം വന്‍ പ്രതിഷേധം തുടരുകയാണ്.

പ്രതിഷേധം ശക്തമായതോടെ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 8 ആയി. സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തെ തടയാന്‍ ഇറാനില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണമേര്‍പ്പെടുത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം പ്രതിഷേധക്കാരെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത സുരക്ഷാ സേന നിഷേധിച്ചു.

വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധം ആരംഭിച്ചതെങ്കിലും നിലവില്‍ ഇറാന്റെ അന്‍പതോളം നഗരങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഇതിന് മുന്‍പ് 2019ല്‍ ഇറാനില്‍ പെട്രോള്‍ വില വര്‍ധനവിനെതിരെയായിരുന്നു ഇത്ര വലിയ പ്രതിഷേധം നടന്നത്.

Read Also: മുടിമുറിച്ചും ഹിജാബ് കത്തിച്ചും സ്ത്രീകൾ; മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധം കടുക്കുന്നു

മഹ്സയുടെ മരണം ദാരുണമെന്ന് വിശേഷിപ്പിച്ച് ഇറാന്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് പരസ്യ പ്രതിഷേധങ്ങളിലേക്ക് കാര്യങ്ങളെത്തിയത്. സഖേസില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ടെഹ്റാനില്‍ എത്തിയതായിരുന്നു മഹ്സയുടെ കുടുംബം. ഇവിടെ വച്ച് സഹോദരനൊപ്പം നില്‍ക്കുമ്പോഴാണ് ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ ഇറാന്‍ മതപൊലീസ് മഹ്സയെ കസ്റ്റഡിയിലെടുത്തത്.

Read Also: മഹ്‌സ അമിനിയുടെ മരണം; തെരുവിലിറങ്ങി പ്രതിഷേധിച്ചവരെ തല്ലിച്ചതച്ച് ഇറാന്‍ പൊലീസ്

പൊലീസ് കസ്റ്റഡിയിലെടുത്ത് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് മഹ്സയെ ആശുപത്രിയിലേക്ക് മാറ്റിയത്. സ്ഥിതി ഏറെ ഗുരുതരമായിരുന്ന യുവതിയുടെ തലയ്ക്കാണ് ഗുരുതരമായി പരുക്കുണ്ടായിരുന്നത്. പൊലീസ് മര്‍ദനമാണ് മരണകാരണമെന്നാണ് മഹ്സയുടെ കുടുംബം ആരോപിക്കുന്നത്. ഐസിയുവില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന മഹ്സയുടെ ചിത്രങ്ങള്‍ പുറത്തുവന്നതും പ്രതിഷേധത്തിന് ആക്കം കൂട്ടി.

Story Highlights: Eight people were killed Protests continue in Iran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here