ചടയമംഗലത്ത് ആത്‌മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ലക്ഷ്മിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുടുംബം; വാട്സപ്പ് ചാറ്റ് പുറത്ത്

ഭർത്താവ് വിദേശത്ത് നിന്ന് വീട്ടിൽ വന്ന ദിവസം ചടയമംഗലത്തെ ഭർതൃവീട്ടിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ അടൂർ പള്ളിക്കൽ സ്വദേശി ലക്ഷ്മിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുടുംബം. ഭർത്താവ് കിഷോറും, അമ്മയും കൂടുതൽ പണം ചോദിച്ച് മാനസികമായി ലക്ഷ്മിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നതായി ലക്ഷ്മിയുടെ അമ്മ പറഞ്ഞു. വിദേശത്ത് നിന്ന് വീട്ടിലെത്തിയ കിഷോർ വീട്ടിലെത്തിയ സമയം പറഞ്ഞത് പോലും സംശയാസ്പദമാണെന്നും കുടുംബം ആരോപിക്കുന്നു.

എഞ്ചിനിയറിങ് ബിരുദധാരിയായ ലക്ഷ്മിയെ 45 പവൻ സ്വർണ്ണവും, പണവും നൽകിയാണ് ചടയമംഗലം സ്വദേശി കിഷോറിന് 2021സെപ്റ്റംബർ 9ന് വിവാഹം ചെയ്ത് നൽകിയത്. എന്നാൽ വിവാഹം കഴിഞ്ഞത് മുതൽ ഓരോ കാരണം പറഞ്ഞ് കിഷോർ ലക്ഷ്മിയുടെ വീട്ടിൽ നിന്ന് വീണ്ടും പണം ആവശ്യപ്പെട്ടിരുന്നു. ലക്ഷ്മിയുടെ സഹോദരിയുടെ പേരിലുള്ള 10 ലക്ഷം രൂപയായിരുന്നു കിഷോറിന്റെ ലക്ഷ്യം. ഇത് ലഭിക്കാൻ വൈകിയതോടെ കിഷോറും അമ്മയും ലക്ഷ്മിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ലക്ഷ്മിയുടെ അമ്മ പറയുന്നു. ഓണത്തിന് പോലും മകളെ മാനസികമായി ഉപദ്രവിച്ചിരുന്നു.
Read Also: വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അശ്ലീലചിത്രങ്ങൾ: പതിനഞ്ചുകാരി കീടനാശിനി കുടിച്ച് ആത്‌മഹത്യ ചെയ്‌തു
ഇക്കാര്യങ്ങൾ കാട്ടി ലക്ഷ്മി അമ്മയ്ക്കയച്ച വാട്സ് ആപ് സന്ദേശങ്ങൾ അടക്കം പൊലീസിന് കുടുംബം കൈമാറിയിട്ടുണ്ട്. വിദേശത്തായിരുന്ന കിഷോർ വീട്ടിലെത്തുന്നതിന് മുൻപും ഫോണിലൂടെ ലക്ഷ്മിയെ ഭീഷണിപ്പെടുത്തിയിരുന്നു. വീട്ടിലെത്തുന്ന ദിവസം ലക്ഷ്മിയുടെ അമ്മയോട് ചടയമംഗലത്തെ വീട്ടിലെത്താനും ആവശ്യപ്പെട്ടു. താൻ വീട്ടിലെത്തിയപ്പോൾ മകൾ മുറി തുറക്കുന്നില്ലെന്ന് പറഞ്ഞ് കിഷോറും ബന്ധുക്കളും വീട്ടിൽ നിൽക്കുകയായിരുന്നു. മുറിയിൽ താൻ എത്തുന്നതിന് മുൻപ് ഇവരുടെ ബന്ധുക്കൾ മുറിയിലേക്ക് ഇടിച്ചുകയറി. മകളെ ഫാനിൽ നിന്ന് അഴിച്ചെടുത്തു. മകൾ ആത്മഹത്യ ചെയ്യില്ല എന്നും മകളുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നുമാണ് ഈ കുടുംബത്തിന്റെ ആരോപണം.
Story Highlights: chadayamangalam suicide lady family response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here