Advertisement

അവസാന വിക്കറ്റ് മങ്കാദിംഗ്; വിവാദത്തിൻ്റെ അകമ്പടിയോടെ ഇംഗ്ലണ്ടിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ

September 25, 2022
Google News 2 minutes Read
india woman england series

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിനത്തിൽ 16 റൺസിന് ഇംഗ്ലണ്ടിനെ മലർത്തിയടിച്ച ഇന്ത്യ മുതിർന്ന പേസർ ഝുലൻ ഗോസ്വാമിയ്ക്ക് അർഹിക്കുന്ന യാത്ര അയപ്പും നൽകി. ഈ മത്സരത്തോടെ ഝുലൻ രാജ്യാന്തര കരിയറിനു വിരാമമിട്ടിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 169 റൺസിനു പുറത്തായപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിൻ്റെ ഇന്നിംഗ്സ് 153ലൊതുങ്ങി. ഷാർലറ്റ് ഡീനിനെ മങ്കാദിങ്ങ് ചെയ്ത ദീപ്തി ശർമയാണ് ഇംഗ്ലണ്ടിൻ്റെ അവസാന വിക്കറ്റ് വീഴ്ത്തിയത്. മങ്കാദിംഗിനെ അമാന്യമായ പുറത്താവലിൽ നിന്ന് റണ്ണൗട്ട് ഗണത്തിൽ ഉൾപ്പെടുത്തിയതിനു ശേഷം പുറത്താവുന്ന ആദ്യ ബാറ്റർ കൂടിയാണ് ഷാർലറ്റ്. (india woman england series)

Read Also: ഈഡൻ ഗാർഡൻസിൽ ഝുലൻ ഗോസ്വാമിയുടെ പേരിൽ പവലിയൻ സ്റ്റാൻഡൊരുക്കാൻ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ

ബാറ്റിംഗ് ദുർഘടമായ പിച്ചിൽ ഇന്ത്യക്ക് വളരെ മോശം തുടക്കമാണ് ലഭിച്ചത്. കേറ്റ് ക്രോസ് ഇന്ത്യയുടെ ടോപ്പ് ഓർഡറിനെ തകർത്തുകളഞ്ഞു. പതിവുപോലെ ഷഫാലി വർമ (0) വേഗം മടങ്ങിയപ്പോൾ യസ്തിക ഭാട്ടിയയ്ക്കും (0) സ്കോർ ബോർഡ് ചലിപ്പിക്കാനായില്ല. ഹർമൻപ്രീത് കൗർ (4) കൂടി മടങ്ങിയതോടെ ഇന്ത്യ പതറി. ഈ മൂന്ന് വിക്കറ്റും കേറ്റ് ക്രോസ് ആണ് വീഴ്ത്തിയത്. ഹർലീൻ ഡിയോൾ (3) ഫ്രേയ ഡേവിസിനു മുന്നിൽ കീഴടങ്ങിയതോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി.

ഒരുവശത്ത് വിക്കറ്റുകൾ തുടരെ പൊഴിയുമ്പോഴും പിടിച്ചുനിന്ന സ്മൃതി മന്ദനയ്ക്ക് കൂട്ടായി ദീപ്തി ശർമ എത്തിയതോടെ ഇന്ത്യ വലിയ ഒരു തകർച്ച ഒഴിവാക്കി. 4 വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് എന്ന നിലയിൽ പതറിയ ഇന്ത്യയെ 87ലെത്തിച്ചിട്ടാണ് സഖ്യം മടങ്ങുന്നത്. 58 റൺസിൻ്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവിൽ മന്ദനയെ കേറ്റ് ക്രോസ് പുറത്താക്കുകയായിരുന്നു. ഡയലൻ ഹേമലതയെ (2) സോഫി എക്ലസ്റ്റൺ മടക്കി അയച്ചു. ഏഴാം വിക്കറ്റിൽ പൂജ വസ്ട്രാക്കറും (22) ദീപ്തി ശർമയും ചേർന്ന 40 റൺസ് കൂട്ടുകെട്ടും ഇന്ത്യക്ക് കരുത്തായി. പൂജയെ എക്ലസ്റ്റൺ മടക്കിയതോടെ ഇന്ത്യൻ വാലറ്റം വേഗം കീഴടങ്ങി. ഝുലൻ ഗോസ്വാമി, രേണുക സിംഗ്, രാജേശ്വരി ഗെയ്ക്വാദ് എന്നിവരൊക്കെ പൂജ്യത്തിനു പുറത്താക്കി. ഗോസ്വാമിയെയും രേണുകയെയും ഫ്രേയ കെമ്പ് പുറത്താക്കിയപ്പോൾ ഗെയ്ക്വാദിനെ എക്ലസ്റ്റൺ മടക്കുകയായിരുന്നു.

Read Also: ഝുലൻ ഗോസ്വാമിയുടെ ഇൻസ്വിംഗറുകൾ തന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന് രോഹിത്

മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം ലഭിച്ചു. 27 റൺസിൻ്റെ ഓപ്പണിംഗ് കൂട്ടുകെട്ട് രേണുക സിംഗ് ആണ് പൊളിച്ചത്. 21 റൺസെടുത്ത എമ്മ ലാമ്പിനെ പുറത്താക്കിയ രേണുക വിക്കറ്റ് വേട്ട ആരംഭിച്ചു. തമി ബ്യൂമൊണ്ട് (8), സോഫിയ ഡങ്ക്ലി (7) എന്നിവരെക്കൂടി മടക്കി അയച്ച രേണുക ഇന്ത്യക്ക് മുൻതൂക്കം നൽകി. ഇതിനിടെ ആലിസ് കാപ്സിയെ (5) വീഴ്ത്തിയ ഝുലൻ ഗോസ്വാമിയും വിക്കറ്റ് കോളത്തിൽ ഇടംപിടിച്ചു. ഡാനി വ്യാട്ട് (8), സോഫി എക്ലസ്റ്റൺ (0) എന്നിവരെ രാജേശ്വരി ഗെയ്ക്വാദ് പുറത്താക്കി. ഫ്രേയ കെമ്പ് (5) ദീപ്തി ശർമയ്ക്ക് മുന്നിൽ വീണതോടെ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാൽ, ജയമുറപ്പിച്ച ഇന്ത്യയെ എട്ടാം വിക്കറ്റിൽ ഏമി ജോൺസും ഷാർലറ്റ് ഡീനും ചേർന്ന് തടുത്തുനിർത്തി. 38 റൺസ് കൂട്ടിച്ചേർത്ത സഖ്യത്തെ രേണുക സിംഗ് ആണ് വേർപിരിച്ചത്. ഏമി ജോൺസിനെ (28) മടക്കിയ രേണുക ഇന്ത്യക്ക് വീണ്ടും മേൽക്കൈ നൽകി. കേറ്റ് ക്രോസ് (10) ഝുലൻ ഗോസ്വാമിക്ക് മുന്നിൽ വീണതോടെ ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ 118 റൺസെന്ന നിലയിലേക്ക് വീണു. അവസാന വിക്കറ്റിൽ ഷാർലറ്റ് ഡീനും ഫ്രേയ ഡേവിസും ചേർന്ന് വീണ്ടും ഇന്ത്യയെ പ്രതിസന്ധിയിലാക്കി. 35 റൺസിൻ്റെ വിലപിടിച്ച കൂട്ടുകെട്ട് അവരെ വിജയത്തിലെത്തിക്കുമെന്ന് കരുതിയിരിക്കെ പന്തെറിയുന്നതിനു മുൻപ് ക്രീസ് വിട്ട ഡീനെ മങ്കാദിംഗ് ചെയ്ത് ദീപ്തി ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു. 47 റൺസെടുത്താണ് ഡീൻ മടങ്ങിയത്.

Story Highlights: india woman won england series

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here