Advertisement

വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ പിടിമുറുക്കി ഗവര്‍ണര്‍; സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കാന്‍ അന്ത്യശാസനം

September 26, 2022
Google News 3 minutes Read

കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ പിടിമുറുക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്നു തന്നെ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍ക്ക് വീണ്ടും കത്തുനല്‍കി. സെനറ്റ് പ്രതിനിധിയെ തല്‍ക്കാലം തീരുമാനിക്കാനാകില്ലെന്നാണ് സര്‍വകലാശാലയുടെ നിലപാട്. ഗവര്‍ണറുടെ നടപടികള്‍ ഭരണഘടനാ ലംഘനമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ ട്വന്റി ഫോറിനോട് പറഞ്ഞു. ഗവര്‍ണര്‍ പെരുമാറുന്നത് ഭരണഘടനാ വിരുദ്ധമായാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ കുറ്റപ്പെടുത്തി. (governor arif muhammed khan pressurise for kerala university vc appointment)

കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറെ തീരുമാനിക്കാനുള്ള മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടേയും യുജിസിയുടേയും പ്രതിനിധികളെ ആഴ്ചകള്‍ക്കുമുന്‍പേ തീരുമാനിച്ചിരുന്നു. എന്നാല്‍ സെനറ്റ് പ്രതിനിധിയെ തീരുമാനിക്കാന്‍ സര്‍വകലാശാല തയാറായില്ല. സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചായി ഉയര്‍ത്തിയുള്ള സര്‍വകലാശാലാ നിയമഭേദഗതി നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് മൂന്നംഗ കമ്മിറ്റിയുമായി നിയമനടപടികള്‍ ഗവര്‍ണര്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.

Read Also: നിയമസഭാ കയ്യാങ്കളി കേസ്: സഭയെ അവഹേളിച്ചത് യുഡിഎഫ് സര്‍ക്കാരെന്ന് ഇ പി ജയരാജന്‍; കോടതിയില്‍ ഹാജരായി

ഏകപക്ഷീയമായാണ് രണ്ടംഗങ്ങളെ ഗവര്‍ണര്‍ തീരുമാനിച്ചതെന്ന് സെനറ്റ് പ്രമേയം പാസാക്കിയിരുന്നു. ഗവര്‍ണര്‍ നിലപാട് തിരുത്തണമെന്നാണ് സര്‍വകലാശാലയുടെ ആവശ്യം. ഇക്കാര്യം വീണ്ടും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് ഇന്നു തന്നെ വൈസ് ചാന്‍സിലര്‍ കത്തുനല്‍കും. സെനറ്റ് പ്രതിനിധിയെ തല്‍ക്കാലം തീരുമാനിക്കില്ല. സേര്‍ച്ച് കമ്മിറ്റിയില്‍ രണ്ടു പേരെ തീരുമാനിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതും രാജ്ഭവന് കൈമാറും. അതേസമയം, ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി കൂടുതല്‍ ഇടതുനേതാക്കള്‍ രംഗത്തെത്തി. ആരിഫ് മുഹമ്മദ് ഖാന്‍ രാജിവച്ച ശേഷം രാഷ്ട്രീയം കളിക്കട്ടെയെന്നായിരുന്നു സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയുടെ പ്രതികരണം.

Story Highlights: governor arif muhammed khan pressurise for kerala university vc appointment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here