‘സെനറ്റ് പ്രതിനിധിയുടെ പേര് തത്ക്കാലം നല്‍കാനാകില്ല’; ഗവര്‍ണറുടെ അന്ത്യശാസനം തള്ളി കേരള സര്‍വകലാശാല

കേരള സര്‍വകലാശാല സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്ന് തന്നെ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനം തള്ളി സര്‍വകലാശാല. സെനറ്റ് പ്രതിനിധിയുടെ പേര് തത്ക്കാലം നല്‍കാനാകില്ലെന്ന് സര്‍വകലാശാല രാജ്ഭവനെ അറിയിച്ചു. സെര്‍ച്ച് കമ്മിറ്റിയില്‍ രണ്ടംഗങ്ങളെ തീരുമാനിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും വാദമുണ്ട്. (kerala university rejected demand of governor for senate member)
കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറെ തീരുമാനിക്കാനുള്ള മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടേയും യുജിസിയുടേയും പ്രതിനിധികളെ ആഴ്ചകള്‍ക്കുമുന്‍പേ തീരുമാനിച്ചിരുന്നു. എന്നാല്‍ സെനറ്റ് പ്രതിനിധിയെ തീരുമാനിക്കാന്‍ സര്‍വകലാശാല തയാറായില്ല. സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചായി ഉയര്‍ത്തിയുള്ള സര്‍വകലാശാലാ നിയമഭേദഗതി നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് മൂന്നംഗ കമ്മിറ്റിയുമായി നിയമനടപടികള്‍ ഗവര്‍ണര്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.
ഏകപക്ഷീയമായാണ് രണ്ടംഗങ്ങളെ ഗവര്‍ണര്‍ തീരുമാനിച്ചതെന്ന് സെനറ്റ് പ്രമേയം പാസാക്കിയിരുന്നു. ഗവര്‍ണര്‍ നിലപാട് തിരുത്തണമെന്നാണ് സര്‍വകലാശാലയുടെ ആവശ്യം. ഇക്കാര്യം വീണ്ടും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് ഇന്നു തന്നെ വൈസ് ചാന്‍സിലര്‍ കത്തുനല്‍കും. സെനറ്റ് പ്രതിനിധിയെ തല്‍ക്കാലം തീരുമാനിക്കില്ല. സേര്‍ച്ച് കമ്മിറ്റിയില്‍ രണ്ടു പേരെ തീരുമാനിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതും രാജ്ഭവന് കൈമാറും. അതേസമയം, ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി കൂടുതല്‍ ഇടതുനേതാക്കള്‍ രംഗത്തെത്തി. ആരിഫ് മുഹമ്മദ് ഖാന്‍ രാജിവച്ച ശേഷം രാഷ്ട്രീയം കളിക്കട്ടെയെന്നായിരുന്നു സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയുടെ പ്രതികരണം.
Story Highlights: kerala university rejected demand of governor for senate member
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here