ശ്രീ പത്‌മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ച് ദക്ഷിണാഫ്രിക്കൻ താരം

തിരുവനന്തപുരം ശ്രീ പത്‌മനാഭ സ്വാമി ക്ഷേത്രം സന്ദർശിച്ച് ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ്. ടീം ഫിസിയോതെറാപ്പിസ്റ്റ് ക്രെയ്ഗ് ഗോവെന്ദറിനൊപ്പമാണ് ഇന്ത്യൻ സ്വദേശിയായ കേശവ് മഹാരാജ് ക്ഷേത്ര ദർശനം നടത്തിയത്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ കേശവ് തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. താരം നവരാത്രി ആശംസകളും നേർന്നു. (keshav maharaj padmanbha swami)
Read Also: ഇന്ത്യൻ ടീം തിരുവനന്തപുരത്ത്; സഞ്ജുവിനായി ആർപ്പുവിളിച്ച് ആരാധകർ
ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം തിരുവനന്തപുരത്തെത്തി. ഹൈദരാബാദിൽ നിന്നെത്തിയ ഇന്ത്യൻ സംഘം വൈകിട്ട് 4.30ഓടെയാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പര 2-1നു സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ കളത്തിലിറങ്ങുന്നത്. ഈ മാസം 28നാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ മത്സരം.
വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ സ്വീകരിച്ചു. കോവളത്തെ റാവിസ് ഹോട്ടലിലാണ് ടീം താമസിക്കുക. ടീം അംഗങ്ങൾ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്കുവന്നപ്പോൾ കൂടിനിന്ന ആരാധകർ മലയാളി താരം സഞ്ജു സാംസണു വേണ്ടി ആർപ്പുവിളിച്ചു. താരം ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിട്ടില്ല.
28 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന പരമ്പര ഒക്ടോബർ നാലിന് ഇൻഡോറിലെ ഹോൾകർ സ്റ്റേഡിയത്തിലെ മത്സരത്തോടെ അവസാനിക്കും. ഒക്ടോബർ രണ്ടിന് ഗുവാഹത്തിയിലാണ് പരമ്പരയിലെ രണ്ടാം മത്സരം.
ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പര വിജയത്തോടെ പാകിസ്താൻ്റെ റെക്കോർഡ് ഇന്ത്യ തിരുത്തിയിരുന്നു. ഒരു വർഷത്തിൽ ഏറ്റവുമധികം ടി-20 മത്സരങ്ങൾ വിജയിക്കുന്ന ടീമെന്ന റെക്കോർഡാണ് അവസാന മത്സരത്തിലെ ജയത്തോടെ ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്താൻ്റെ പേരിലുണ്ടായിരുന്ന 20 വിജയങ്ങൾ തിരുത്തിയ ഇന്ത്യ ഒരു വർഷത്തെ ആകെ ടി-20 വിജയങ്ങൾ 21 ആക്കി ഉയർത്തി. 2021ലാണ് പാകിസ്താൻ 20 ടി-20 മത്സരങ്ങൾ വിജയിച്ച് റെക്കോർഡ് സ്ഥാപിച്ചത്.
പരമ്പരയിൽ ദീപക് ഹൂഡ കളിക്കില്ല. പുറത്തിനു പരുക്കേറ്റ താരം പരമ്പരയിൽ നിന്ന് പുറത്തായി. കൊവിഡ് ബാധിച്ച് ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ നിന്ന് പുറത്തായ മുഹമ്മദ് ഷമി ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കുമോ എന്നതിൽ വ്യക്തതയില്ല. പുറത്തായ ദീപക് ഹൂഡയ്ക്ക് പകരം ശ്രേയാസ് അയ്യർ ടീമിലെത്തിയേക്കുമെന്ന് സൂചനയുണ്ട്. ഷമിക്ക് പകരം ഉമ്രാൻ മാലിക്കിനും സാധ്യത കല്പിക്കപ്പെടുന്നുണ്ട്. അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരെ വിശ്രമം അനുവദിച്ച ഹാർദിക് പാണ്ഡ്യക്ക് പകരം യുവ ഓൾറൗണ്ടർ ഷഹബാസ് അഹ്‌മദ് കളിച്ചേക്കുമെന്നും സൂചനയുണ്ട്.
Story Highlights: keshav maharaj padmanbha swami temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here