Advertisement

ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതിയാക്കപ്പെടുന്നവർക്കെതിരെ നടപടിയില്ല; ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഡബ്ലിയു.സി.സി

September 28, 2022
Google News 2 minutes Read
WCC criticized Film Producers Association

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഡബ്ലിയു.സി.സി രം​ഗത്ത്. ശ്രീനാഥ് ഭാസിയുടെ വിലക്കിനെ സ്വാഗതം ചെയ്യുകയാണെന്നും എന്നാൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതിയാക്കപ്പെടുന്നവർക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്നും ഡബ്ലിയു.സി.സി വ്യക്തമാക്കുന്നു. ( WCC criticized Film Producers Association ).

വിജയ് ബാബുവിനെതിരെ എന്ത് നടപടിയെടുത്തുവെന്നത് ശ്രദ്ധേയമാണ്. നടപടി നിശ്ചയിക്കുന്നത് പണവും അധികാരവും കൊണ്ടാണോയെന്നും വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന് നിർമ്മാതാക്കൾ തയ്യാറാകണമെന്നും ഡബ്ലിയു.സി.സി ആവശ്യപ്പെടുന്നു.

ഡബ്ലിയു.സി.സിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വനിതാ മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ, ശ്രീനാഥ് ഭാസിക്കെതിരെ, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സമയബന്ധിതമായി നടപടി എടുത്തിരിക്കുന്നു. ഇത് തീർച്ചയായും, നമ്മുടെ സഹപ്രവർത്തകരോടു നാം കാണിക്കേണ്ട ബഹുമാനത്തിന്റെ/പരിഗണനയുടെ പ്രസക്തി ബോധ്യപ്പെടുത്താൻ സഹായിക്കുന്ന ഒരു നടപടിയാണ്. സമാന്തരമായി, ഈ ഒരു സംഭവത്തിൽ മാത്രം ഇത്തരം നടപടികൾ കൈക്കൊണ്ടാൽ മതിയോ എന്നു കൂടെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

Read Also: ഡബ്ലിയു.സി.സിക്ക് അനുകൂലവിധി; ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് ആഭ്യന്തര പരാതി പരിഹാര സംവിധാനം

നമ്മുടെ പോലീസ് സ്റ്റേഷനുകളിലും കോടതികളിലും നിലനിൽക്കുന്ന പല കേസുകളിലും, ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതികളാക്കപ്പെട്ടവരും, വിചാരണ നേരിടുന്നവരുമായ നിരവധി പുരുഷന്മാർ മലയാള സിനിമാ മേഖലയിലുണ്ട്. ഇതിനുള്ള ഉദാഹരണങ്ങളിൽ ചിലതാണ്, സമീപകാലത്തുണ്ടായ വിജയ് ബാബുവിന്റെയും, ലിജു കൃഷ്ണയുടെയും കേസുകൾ. പടവെട്ട് എന്ന സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ അറസ്റ്റിലായ ശേഷം, ഇപ്പോൾ ജാമ്യത്തിലാണ്. ഈ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്ക് എതിരെയും ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച ആഘോഷങ്ങളിലാണ്, ഇതിന്റെ നിർമ്മാണ കമ്പനി ഇപ്പോൾ.

വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് ഒരു യുവതി പോലീസിൽ പരാതി നൽകിയതോടെ വിജയ് ബാബു ഒളിവിൽ പോവുകയുണ്ടായി. ഒളിവിലായിരിക്കുമ്പോൾ തന്നെ അയാൾ പരാതിക്കാരിയുടെ പേര് പരസ്യമാക്കുകയും അപമാനിക്കുകയും ചെയ്തു. അയാളും ജാമ്യത്തിലാണ്. വ്യവസായികളാൽ പിൻതാങ്ങപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന മട്ടിൽ സാധാരണ നിലയിൽ പ്രവർത്തിക്കാൻ അനുവദിക്കപെടുകയും ചെയ്യുന്നു.

എന്തുകൊണ്ടാണ് ഈ വ്യക്തികൾക്കും അവരുടെ കമ്പനികൾക്കും എതിരെ അച്ചടക്ക നടപടികളെടുക്കാൻ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഒരു നടപടിയും സ്വീകരിക്കാത്തത്? ആരൊക്കെ അച്ചടക്കം പാലിക്കണം, ആരൊക്കെ അച്ചടക്കം പാലിക്കണ്ട എന്നത് പണവും അധികാരവുമാണോ നിശ്ചയിക്കുന്നത്?
മലയാള ചലച്ചിത്ര വ്യവസായത്തിലെ ഒരു നിർണായക സ്ഥാപനമെന്ന നിലയിൽ, ലിംഗവിവേചനത്തോടും, മറ്റതിക്രമങ്ങളോടും യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത നയം കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുകൾ സ്വീകരിക്കുകയും, ഈ വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ ഉചിതങ്ങളായ നടപടികൾ കൈക്കൊള്ളുകയും വേണം. അത്തരം വ്യക്തികളെ ഈ സിനിമാ മേഖലയിൽ ജോലി ചെയ്യുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നതിനും, അതുവഴി നമ്മുടെ ജോലിസ്ഥലം മാന്യവും ഏവർക്കും സുരക്ഷിതവുമാക്കാൻ ഉതകുന്ന സംവിധാനങ്ങൾ സജ്ജമാക്കാൻ ഞങ്ങൾ KFPA-യോട് അഭ്യർത്ഥിക്കുന്നു.

Story Highlights: WCC criticized Film Producers Association

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here