Advertisement

ഹർത്താൽ ദിനത്തിലെ അക്രമം; വിവിധ ജില്ലകളിൽ പരിശോധന, വ്യാപക അറസ്റ്റ്

September 29, 2022
Google News 2 minutes Read
popular front hartal arrest

പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ വ്യാപക റെയ്ഡ്. പത്തനംതിട്ടയിലെ കോന്നിയിലും കുമ്മണ്ണൂരിലും പൊലീസ് നടത്തിയ പരിശോധനയിൽ രേഖകൾ പിടിച്ചെടുത്തു. പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് ഷായെ അറസ്റ്റ് ചെയ്തു. തൃശൂർ പുന്നയൂർക്കുളത്ത് എസ്ഡിപിഐ പ്രവർത്തകരായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മംഗലാപുരത്തേക്ക് പോവുകയായിരുന്നു ലോറി എറിഞ്ഞുതകർത്തതിനാണ് നടപടി. കണ്ണൂർ മട്ടന്നൂരിൽ പെട്രോൾ ബോംബെറിഞ്ഞ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിലായി. ഇടുക്കിയിൽ പോപ്പുലർ ഫ്രണ്ട് പ്രകടനത്തിൽ പങ്കെടുത്ത ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു. (popular front hartal arrest)

Read Also: പോപ്പുലർ ഫ്രണ്ട് നിരോധനം; ഡൽഹിയിൽ വൻ സുരക്ഷ,17 സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം

ഇന്ന് രാവിലെയാണ് കോന്നി കുമ്മണ്ണൂരിലുള്ള അജ്മലിൻ്റെയും മുഹമ്മദ് ഷായുടെയും ഉൾപ്പെടെ നാല് വീടുകളിൽ റെയ്ഡ് ആരംഭിച്ചത്. കോന്നി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇവിടെ എത്തിയത്. ഇവർ ഹർത്താലുമായി ബന്ധപ്പെട്ട് അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആളുകളായിരുന്നു. അതിനുപുറമേ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കൾ കൂടിയാണ്. ഈ രണ്ടു വീടുകളിലും ഒരേ സമയമാണ് റെയ്ഡ് നടന്നത്. പരിശോധനയിൽ പൊലീസ് ചില സുപ്രധാന രേഖകൾ പിടിച്ചെടുക്കുകയും മുഹമ്മദ് ഷാനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

ഹർത്താൽ ദിനത്തിൽ വൈകിട്ട് ചാവക്കാട് – പൊന്നാനി റൂട്ടിൽ സഞ്ചരിച്ചിരുന്ന ഇൻസുലേറ്റർ ട്രക്കിനു നേരെ കല്ലെറിഞ്ഞ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കല്ലേറിൽ ട്രക്കിൻ്റെ ചില്ല് പൂർണമായി തകർന്നു. കേസിൽ റമീസ്, ഷക്കീർ എന്നിവരാണ് അറസ്റ്റിലായത്. എസ്ഡിപിഐയുടെ പെരുമ്പടപ്പ് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ആണ് ഷക്കീർ. റമീസ് ക്യാമ്പസ് ഫ്രണ്ട് മുൻ ജില്ലാ ട്രഷറർ ആണ്. കേസിൽ നേരത്തെ, എസ്ഡിപിഐ പാലപ്പെട്ടി ബ്രാഞ്ച് സെക്രട്ടറി യാസിൻ, എസ്ഡിപിഐ പൊന്നാനി മണ്ഡലം ജോയിൻ്റ് സെക്രട്ടറി റാഫി, പാലപ്പെട്ടി സ്വദേശി സിദ്ധിഖ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ചാവക്കാടുള്ള പോപ്പുലർ ഫ്രണ്ടിൻ്റെ ബില്ലാ ആസ്ഥാനം സീൽ ചെയ്യാനുള്ള നീക്കങ്ങളും ആരംഭിച്ചു.

പോപ്പുലർ ഫ്രണ്ട് നിരോധന വാർത്ത വന്നതിനു പിന്നാലെ ഇന്നലെ രാത്രി 9.30ഓടെ ഇടുക്കി ബാലൻ പിള്ള സിറ്റിയിൽ ഒരു പ്രകടനം നടന്നിരുന്നു. രണ്ട് മിനിട്ട് മാത്രം നീണ്ടുനിന്ന പ്രകടനത്തിൽ 9 പേരാണ് പങ്കെടുത്തത്. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. 9 പേരിൽ രണ്ട് പേർ പ്രായപൂർത്തി ആവാത്തവരായിരുന്നു. അതിനാൽ ഇവർക്കെതിരെ കേസെടുത്തില്ലെന്ന് പൊലീസ് പറയുന്നു.

കണ്ണൂരിൽ ആകെ 35 കേസുകൾ രജിസ്റ്റർ ചെയ്തു. ഇന്ന് മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ജില്ലയിൽ ആകെ അറസ്റ്റ് ചെയ്യപ്പെട്ടവർ 102 ആയി. മട്ടന്നൂരിൽ ഇരുചക്ര വാഹനയാത്രക്കാർക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ നടുവനാട് സ്വദേശികളായ സത്താർ, സജീർ, ഉളിയിൽ സ്വദേശി സഫ്വാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആർഎസ്എസ് കാര്യാലത്തിനു നേരെ ബോംബെറിഞ്ഞ നൗഷാദിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കേസിൽ രണ്ട് പേരാണ് അറസ്റ്റിലായത്.

Read Also: PFI Ban : പോപ്പുലർ ഫ്രണ്ടിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ട് മരവിപ്പിച്ചു

കർണാടക ചിക്കമംഗളൂരുവിലും പൊലീസ് പരിശോധന നടത്തി. പോപ്പുലർ നേതാക്കളെയും പ്രവർത്തകരെയും പോലീസ് തിരയുന്നുമുണ്ട് . കർണാടകത്തിലെ സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം നിരവധി ഓഫീസുകൾ പൊലീസ് ഇന്നലെ തന്നെ സീൽ ചെയ്യുകയും ചെയ്തിരുന്നു. ആകെ 12 ഓഫീസുകളാണ് അടച്ചുപൂട്ടിയത്.

പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമത്തിൽ ആലപ്പുഴയിലും റെയ്ഡ് നടന്നിരുന്നു. 27ന് പുറക്കാട്, അമ്പലപ്പുഴ വള്ളികുന്നം എന്നിവിടങ്ങളിലാണ് പൊലീസ് പരിശോധന നടന്നത്. ബാങ്ക് അക്കൗണ്ട് രേഖകൾ പിടിച്ചെടുത്തു പാലക്കാട് ജില്ലയിൽ നഗരത്തിൽ മാത്രം 20 മേഖലകളിൽ റെയ്ഡ് നടത്തി. ശങ്കുവാരതോട്, ബി.ഒ.സി.റോഡ്, ചടനാംകുറുശ്ശി, കൽമണ്ഡപം, ഒലവക്കോട്, പറക്കുന്നം, പള്ളിസ്ട്രീറ്റ് പട്ടിക്കര, പേഴുംകര, പൂക്കാര തോട്ടം തുടങ്ങിയ മേഖലകളിലാണ് റെയ്ഡ് നടത്തിയത്. ചിറ്റൂർ മേഖലയിൽ പുതുനഗരം, കാട്ട്‌തെരുവ്, തത്തമംഗലം എന്നിവിടങ്ങളിലും റെയ്ഡ് നടത്തി.

Story Highlights: popular front hartal raid arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here