പോപ്പുലർ ഫ്രണ്ട് നിരോധനം; ഡൽഹിയിൽ വൻ സുരക്ഷ,17 സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം

പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് 17 സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം. സാമൂഹിക മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. പിഎഫ്ഐ ബന്ധമുള്ള മറ്റ് സംഘടനകളും നിരീക്ഷണത്തിലാണ്.(police on high alert after pfi ban)
അഞ്ച് സംസ്ഥാനങ്ങളിലെ പിഎഫ്ഐ സ്വാധീനമുള്ള മേഖലയിൽ കേന്ദ്രസേനയെ വിന്യസിച്ചു. പിഎഫ്ഐ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി തുടങ്ങി. തുടർ നടപടികൾക്കായി മഹാരാഷ്ട്ര ഉത്തരവിറക്കി. യു എ പി എ സെക്ഷൻ 42 അനുസരിച്ച് നടപടിയെടുക്കാനാണ് ഉത്തരവ്. കളക്ടറാമാർക്കും പൊലീസ് കമ്മീഷ്ണർക്കും നിർദേശം നൽകി.
ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചു. നഗരത്തിൽ ക്രമസമാധാനം നിലനിർത്താൻ കനത്ത ജാഗ്രതയിലാണ് ഡൽഹി പൊലീസ്. പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ട് കണക്കിലെടുത്താണ് നടപടി.
അതാത് ജില്ലകളിലെ ഡിസിപിമാർ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടാണ് പരിശോധന നടത്തുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ പൊലീസ് തയ്യാറാണെന്നും ആവശ്യമെങ്കിൽ കൂടുതൽ സേനയെ വിന്യസിക്കുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനും അതിന്റെ അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തി, ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു , ഐ.എസ് പോലുള്ള ഭീകരവാദ സംഘടനകളുമായി ബന്ധം പുലർത്തി, വിദേശ ഫണ്ട് സ്വീകരിച്ചു ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി അഞ്ച് വർഷത്തേക്കാണ് രാജ്യത്ത് പോപ്പുലർ ഫ്രണ്ട് നിരോധിച്ചത്.
Story Highlights: police on high alert after pfi ban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here